മേക്ക് ഇന്‍ ഇന്ത്യയുടെ മറവില്‍ ‘ലക്ഷം കോടി’ രൂപയ്ക്ക് യുദ്ധവിമാനങ്ങള്‍; മോഡിക്കെതിരെ പ്രതിപക്ഷം

rafel

ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പരിപാടിയെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ലക്ഷം കോടി മുടക്കി യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തീരുമാനം വിവാദത്തിലാകുന്നു. ഇതിനെതിരെ ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ 59,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാനക്കരാറില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ ആശയം അട്ടിമറിച്ച മോഡി സര്‍ക്കാര്‍ പുതിയ ഇടപാടിലും ബഹുരാഷ്ട്ര, സ്വകാര്യകോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് തയ്യാറെടുക്കുന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള യുദ്ധവിമാന സംഭരണത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ലോക് ഹീഡ് മാര്‍ട്ടിന്‍ (അമേരിക്ക), ദാസൂദ് (ഫ്രാന്‍സ്), സാബ് (സ്വീഡന്‍) എന്നീ ബഹുരാഷ്ട്ര കമ്പനികള്‍ രംഗത്തുവന്നിരുന്നു. 1,500 കോടി ഡോളര്‍ (ഏകദേശം 97,500 കോടി രൂപ) വിനിയോഗിച്ച് 110 യുദ്ധവിമാനം വാങ്ങാനാണ് പദ്ധതി.

ഇടപാടിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ ആഗോള കമ്പനികളോട് പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു കഴിഞ്ഞു. ഒറ്റ, ഇരട്ട എന്‍ജിന്‍ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം.

പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രാഥമിക താല്‍പ്പര്യ പത്രത്തില്‍ 85 ശതമാനം വിമാനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കണമെന്ന് അവകാശപ്പെടുന്നു. എന്നാല്‍, ദാസൂദുമായുള്ള റാഫേല്‍ കരാറില്‍ ഇപ്രകാരമുള്ള പ്രാഥമിക ധാരണപത്രം മോഡിസര്‍ക്കാര്‍ അട്ടിമറിച്ചിരുന്നു.

ആദ്യം തീരുമാനിച്ചതിന്റെ മൂന്നിരട്ടി വില വിമാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. റാഫേല്‍ വിമാന സംഭരണത്തിന് 2012-ല്‍ എത്തിച്ചേര്‍ന്ന പ്രാഥമിക ധാരണപ്രകാരം 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചു നല്‍കാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതിക വിദ്യ കൈമാറ്റത്തോടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിര്‍മിക്കാനുമായിരുന്നു തീരുമാനം.

ഇതനുസരിച്ച് വിമാനമൊന്നിന് വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ). എന്നാല്‍, മോഡിസര്‍ക്കാര്‍ ഒരു വിമാനത്തിനു നല്‍കുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാര്‍ 36 വിമാനമായി വെട്ടിക്കുറച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍, 126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് ഇപ്പോള്‍ നല്‍കുന്നത്. മോഡിസര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ എച്ച്എഎല്‍ പുറത്താകുകയും അനില്‍ അംബാനിയുടെ കമ്പനി ദാസൂദിന്റെ പങ്കാളിയായി കടന്നുവരികയും ചെയ്തു.

റാഫേല്‍ ഇടപാടില്‍ വിമാനത്തിന്റെ വില മൂന്നിരട്ടി വര്‍ധിച്ചതിനെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ പോലും മോഡി സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ കരാറുകളിലേക്ക് നീങ്ങുന്നത് എങ്ങനെയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പ്പല്‍ ബസു ചോദിച്ചിരുന്നു. റാഫേല്‍ ഇടപാടില്‍ മോഡിസര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷം കോടി രൂപയുടെ ഇടപാടിലെ അഴിമതിക്കെതിരെ ജാഗ്രത വേണമെന്ന് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. റാഫേല്‍ വിമാന ഇടപാടില്‍ രാജ്യത്തിനു നഷ്ടമായത് 40,000 കോടി രൂപയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച സംഭരണവും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്കുവേണ്ടി റീ ടെന്‍ഡര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പ്രതികരിച്ചു.

Top