ന്യൂഡല്‍ഹി: ഇരുപത്തിയൊന്നാമത് ഇന്ത്യ റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. ഇന്ത്യയും റഷ്യയും ഒരുമിച്ച് കൊവിഡിനെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്നും നരേന്ദ്രമോദി പറഞ്ഞു. അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളില്‍ പുടിന്‍ ആശങ്കയറിയിച്ചു. തീവ്രവാദം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും മയക്കുമരുന്ന് കടത്തും, സംഘടിത കുറ്റകൃത്യങ്ങളും തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് പുടിന്‍ അറിയിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. സുപ്രധാന ആയുധ കരാറുകള്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.
ആറുലക്ഷത്തില്‍ അധികം എകെ 203 തോക്കുകള്‍ വാങ്ങുന്നതിനുള്ള ധാരണയിലടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കലാഷ്‌നിക്കോവ് സീരിസിലെ തോക്കുകള്‍ കൈമാറാനുള്ള കരാറില്‍ ഭേദഗതി വരുത്താനും തീരുമാനമായി. സൈനിക സഹകരണ ഉടമ്പടി 2031 വരെ നീട്ടിയ കരാറിലും മന്ത്രിമാര്‍ ഒപ്പുവെച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രി സര്‍ജേ ഷൊയ്ഗുവ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായും, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്‌റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍.