ലിംഗനീതിയുടെ വിജയം; മുത്തലാഖ് നിരോധന ബില്‍ പാസ്സായതില്‍ സന്തോഷമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ മുത്തലാഖ് നിരോധന ബില്‍ പാസ്സായതില്‍ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. രാജ്യത്തെ മുസ്ലിം സമൂഹത്തെ ബാധിച്ചിരുന്ന മുത്തലാഖ് എന്ന പുരാതനമായ ഒരു ആചാരത്തെ നിഷ്‌കാസനം ചെയ്യാനായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഒരു പുരാതന ആചാരത്തെ ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയാന്‍ സാധിച്ചു! മുത്തലാഖ് നിയമവിരുദ്ധമാക്കുകയും മുസ്ലിം സ്ത്രീകളോട് കാട്ടിയിരുന്ന ചരിത്രപരമായ ഒരു തെറ്റിനെ തിരുത്തുകയും ചെയ്തിരിക്കുന്നു. ലിംഗനീതിയുടെ ഈ വിജയം സമൂഹത്തില്‍ കൂടുതല്‍ തുല്യത കൊണ്ടുവരും. ഇന്ത്യ ഇന്ന് ആഹ്ലാദിക്കുകയാണ്’- മോദി ട്വിറ്ററില്‍ കുറിച്ചു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ലിനെ പിന്തുണച്ച എല്ലാ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കുമുള്ള നന്ദി അദ്ദേഹം അറിയിച്ചു. അവര്‍ സ്വീകരിച്ച നിലപാട് ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കിയത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം ബില്ലിന്റെ ഉള്ളടക്കമാണെന്നും ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top