ലാഹോര്‍: ലോകാരാജ്യങ്ങളേയും മാധ്യമങ്ങളേയും ഒരുപോലെ ഞെട്ടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനിലേക്ക് നടത്തിയ മിന്നല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്ക് മടങ്ങി. രാത്രി 7.50നാണ് മോദി മടങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് നരേന്ദ്ര മോദി ലാഹോര്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നവാസ് ഷെരീഫ് മോദിയെ സ്വീകരിച്ചു. കണ്ടയുടന്‍ തന്നെ ഷെരീഫ് മോദിയെ ആശ്ലേഷിച്ചു. 66ആം പിറന്നാള്‍ ആഘോഷിക്കുന്ന ഷെരീഫിന് മോദി ആശംസകള്‍ നേര്‍ന്നു. ആയുരാരോഗ്യ സൗഖ്യങ്ങളും മോദി നേര്‍ന്നു. അല്‍പനേരത്തെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്ടറില്‍ മോദിയ്‌ക്കൊപ്പം ഷെരീഫ് 40 കിലോമീറ്റര്‍ അകലെയുള്ള തന്റെ പരന്പരാഗത വസതിയിലേക്ക് പോയി. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അവിടെ അദ്ദേഹത്തെ ഉയര്‍ന്നഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
പിന്നീട് ഒന്നര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കിടെ കാശ്മീരി ചായയും നെയ്യ് കൊണ്ടുള്ള ലഘു വിഭവങ്ങളും ഷെരീഫ് മോദിക്കായി ഒരുക്കിയിരുന്നു. ചര്‍ച്ചയ്ക്കു ശേഷം 7.55ന് മോദി ലാഹോര്‍ വിമാനത്താവളത്തിലേക്ക് മടങ്ങി.
മോദിയുടെ സന്ദര്‍ശനത്തെ പാകിസ്ഥാന്‍ സ്വാഗതം ചെയ്തു. നല്ലൊരു കൂടിക്കാഴ്ച ആയിരുന്നു നടന്നതെന്ന് ഇത്തരം പരസ്പര ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി പറഞ്ഞു. രണ്ടു രാജ്യങ്ങളും സൗഹൃദവും, നന്മയും ആണ് ആഗ്രഹിക്കുന്നതെന്നും, നല്ല അയല്‍രാജ്യമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ചയായതായും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മോദി പാകിസ്ഥാനിലേക്ക് എത്തിയത്. സന്ദര്‍ശനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല. മോദി ട്വിറ്ററിലൂടെ സന്ദര്‍ശന വിവരം പുറത്ത് വിടുമ്പോള്‍ മാത്രമാണ് മാദ്ധ്യമങ്ങള്‍ ഇതേക്കുറിച്ച് അറിഞ്ഞത് തന്നെ. പാകിസ്ഥാനെ അറിയിച്ചതും വൈകിയായിരുന്നു. എങ്കിലും വളരെ പെട്ടെന്ന് തന്നെ അവര്‍ സ്വീകരണവും മറ്റ് സൗകര്യങ്ങളും ഒരുക്കുകയായിരുന്നു.