സാങ്കേതിയ വിദ്യയുടെ ഉയര്‍ച്ച ; ഇന്ത്യയ്ക്ക് 65 ,000 കോടി ലാഭമുണ്ടാക്കിയെന്ന് മോദി

PM Modi

ന്യൂഡല്‍ഹി: ഡിജിറ്റലൈസേഷനെതിരെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോള്‍ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും ഗുണങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സര്‍ക്കാരിനു നേടാനായെന്നും നരേന്ദ്ര മോദി അവകാശപ്പെടുന്നു.

അഞ്ചാമത് സൈബര്‍ സ്‌പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ്വിദിന സമ്മേളനത്തില്‍ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

സമ്മേളനത്തില്‍ മോദിയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നത് സാങ്കേതികവിദ്യയുടെ ദ്രുതവേഗത്തിലുള്ള മാറ്റത്തെക്കുറിച്ചായിരുന്നു.

വലിയ കംപ്യൂട്ടറുകളില്‍നിന്ന് കൈപ്പിടിയില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണിലേക്കും ഗാഡ്ജറ്റുകളിലേക്കും സാങ്കേതികവിദ്യ മാറിയെന്നും, രണ്ടു പതിറ്റാണ്ടിനിടെ സൈബര്‍ സ്‌പേസില്‍ വലിയ മാറ്റങ്ങളാണുണ്ടായതെന്നും, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തുടങ്ങിയവ സാധാരണമായെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കു സബ്‌സിഡികള്‍ നേരിട്ടു നല്‍കാന്‍ (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ – ഡിബിടി) സാങ്കേതികവിദ്യയുടെ സമന്വയം ഏറെ സഹായിച്ചെന്നും, ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് സബ്‌സിഡി നേരിട്ടു കൊടുത്തതോടെ ഏകദേശം 65,000 കോടി രൂപ (10 ബില്യന്‍ ഡോളര്‍) സര്‍ക്കാരിനു ലാഭിക്കാനായിട്ടുണ്ടെന്നും, മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ കണ്ടെത്തലുകളും ആളുകളിലെത്താന്‍ സാങ്കേതികവിദ്യ സഹായിക്കുന്നെന്നും മോദി വിശദീകരിച്ചു.

‘ഡിജിറ്റല്‍ ഇന്ത്യ’ ലോകത്തിലെ വലിയ സാങ്കേതികവിദ്യാ പരിപാടിയാണെന്നും, ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ എന്നിവ സമന്വയിപ്പിച്ച ‘ജാം’ അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും സഹായകമായെന്നും, ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ഇന്ത്യക്ക് സബസിഡിയിനത്തില്‍ 10 ബില്യന്‍ ഡോളര്‍ സംരക്ഷിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാത്രമല്ല, നരേന്ദ്ര മോദി ആപ് ജനങ്ങളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ സഹായിക്കുന്നുണ്ടെന്നും, ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാകണമെന്നും, സൈബര്‍ സുരക്ഷ ആകര്‍ഷകമായ ജോലിയാകണമെന്നും, ഭീകരവാദം പോലുള്ള ദുഷ്ടശക്തികളുടെ വിളനിലമാകരുത് സൈബര്‍ ഇടങ്ങളെന്നും രാജ്യത്തിന്റെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

Top