ന്യൂഡല്‍ഹി: ബിജെപി നിര്‍വ്വാഹക സമിതി സമാപിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ദേശീയ നിര്‍വ്വാഹക സമിതിയിലെ പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബിജെപി മുഖ്യമന്ത്രിമാര്‍ യോഗത്തെ അറിയിച്ചു.
യുപിയില്‍ വലിയ മുന്നേറ്റത്തോടെ ഭരണത്തുടര്‍ച്ച എന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റിപ്പോര്‍ട്ട്. പഞ്ചാബില്‍ എല്ലാ സീറ്റിലും ബിജെപി മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു.
വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു. പുസ്തകങ്ങള്‍ വായിച്ചല്ല ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലെ എന്‍ഡിഎംസി ഹാളില്‍ ആഘോഷാരവങ്ങളോടെയായിരുന്നു നിര്‍വ്വാഹക സമിതി യോഗം നടന്നത്.
കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം 100 കോടി പിന്നിട്ടതില്‍ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. കേരളം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ തിരിച്ചടി സംബന്ധിച്ച വിലയിരുത്തലും യോഗത്തിലുണ്ടായി. മതതീവ്രവാദികളോടുള്ള പ്രീണന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ ആരോപിച്ചു.