മോദി വീണ്ടും രാജ്യത്തിന്റെ നായകന്‍ ; സത്യപ്രതിജ്ഞാ ചടങ്ങിന് നെതന്യാഹുവും പുടിനും

ന്യൂഡല്‍ഹി : ഇന്ത്യയുടെ കരുത്തുള്ള നായകനാകാന്‍ നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്താന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് തുടക്കം കുറിച്ചുകൊണ്ടു സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ പല ലോക നേതാക്കളും എത്തുമെന്നാണ് സൂചന. നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് വിവരം. 2014 ൽ സാർക്ക് രാജ്യത്തലവന്മാരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നത് .

പുതിയ എൻ ഡി എ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി മോദി രാഷ്ട്രപതിയ്ക്ക് രാജി സമർപ്പിച്ചു . വൈകിട്ട് കേന്ദ്രമന്ത്രിമാർക്കൊപ്പമാണ് അദ്ദേഹം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിക്കാൻ എത്തിയത് . രാജി രാഷ്ട്രപതി സ്വീകരിച്ചു.

ഇന്ന് നരേന്ദ്രമോദിയും അമിത് ഷായും മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും കാണാനെത്തിയിരുന്നു . ഇരുപത്തിയെട്ടാം തീയതി കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും, 29 ന് അഹമ്മദാബാദിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമായിരിക്കും സത്യപ്രതിജ്ഞ.

Top