കീവ്: യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഇരുനേതാക്കളും യുക്രൈൻ സാഹചര്യം വിലയിരുത്തി. അതേസമയം സൂമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾക്ക് പുറപ്പെടാനായില്ല. അഞ്ചുബസുകളില്‍ വിദ്യാർത്ഥികളെ കയറ്റിയെങ്കിലും സുരക്ഷിതമല്ലെന്ന് കണ്ട് യാത്ര വേണ്ടെന്ന് വച്ചു.
റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുമിയിൽ നിന്നും വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യൻ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകൾ എത്തിക്കുകയും വിദ്യാർത്ഥികൾ ബസിൽ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിർത്തിവയ്ക്കാൻ എംബസിയിൽ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡൻ്റ് ഏജൻ്റുമാർക്ക് നിർദേശം നൽകിയത്.
പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ പുറത്ത് എത്തിക്കാൻ തീരുമാനിച്ചത്. ഇതിനായി പെൺകുട്ടികളെല്ലാം ബസുകൾക്ക് എത്തിയെങ്കിലും ഈ ബസുകൾ ഹോളണ്ട് അതിർത്തിയിലേക്ക് എത്തേണ്ട പാതയിൽ എവിടെയോ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുടർന്നാണ് രക്ഷാദൗത്യം നിർത്തിവച്ചു. വിദ്യാർത്ഥികളോടെല്ലാം അവരുടെ ബങ്കറുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.