തൃപ്പൂണിത്തുറ: ഇടത്, വലത് മുന്നണികൾ മലയാളികളെ വിഡ്ഢികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു മുന്നണികളും അഞ്ച് വർഷം മാറി മാറി ഭരിക്കുന്നത് പരസ്‌പര സഹകരണത്തിന് ഏറ്റവും വലിയ തെളിവാണെന്നും മോദി അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറ പുതിയകാവിലെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. അതേസമയം, സൊമാലിയ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ മോദി ഒന്നും പറഞ്ഞില്ല.
കോൺഗ്രസും ഇടതുപക്ഷവും കേരളത്തിലെ ജനങ്ങളെ വിഢ്ഢികളാക്കി. മലയാളികൾ എന്തുകൊണ്ടിതു തിരിച്ചറിയുന്നില്ലെന്നും മോദി ചോദിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ അവർക്കു താൽപ്പര്യമുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഭരണനിർവഹണത്തിൽ പങ്കാളികളാക്കുന്നത്. അല്ലാത്തവരെ മാറ്റിനിർത്തുന്നു. ബിജെപി സർക്കാർ ജീവനക്കാർക്ക് മാന്യമായ സ്ഥാനം നൽകുന്നു. ദരിദ്രർ ദരിദ്രരായി തന്നെ കേരളത്തിൽ ജീവിക്കുന്നു. രണ്ടുവർഷം മുൻപുള്ള പത്രങ്ങളിൽ കേന്ദ്രസർക്കാരിന്റെ അഴിമതിക്കഥകൾ മാത്രമാണ് നിറഞ്ഞത്. കേന്ദ്രത്തിൽ കൽക്കരിയും കേരളത്തിൽ സോളാറും.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വികസനരംഗത്തു മുന്നേറുന്നുവെന്ന് മോദി അവകാശപ്പെട്ടു. ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി. അവിടെ ദുരിതവും സംഘർഷവും മാത്രമാണുള്ളത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തും തുടങ്ങുന്നത് അഴിമതിയിലാണെന്നും മോദി കുറ്റപ്പെടുത്തി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങളുണ്ട്, 24 മണിക്കൂറും വൈദ്യുതിയുണ്ട്, കർഷകർക്ക് മികച്ച സൗകര്യങ്ങളുണ്ട്, വിദ്യാഭ്യാസ സൗകര്യങ്ങളുണ്ട്. നമ്മുടെ സൈനികർ ദുർഘടമായ കാലാവസ്ഥാ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്. കഴിഞ്ഞ 40 വർഷമായി ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതി നടപ്പിൽ വരുത്താനായി അവർ ആവശ്യപ്പെട്ടിരുന്നു. പല സർക്കാരുകൾ വന്നു. കോൺഗ്രസ് അധികാരത്തിലിരുന്നു. പക്ഷേ, അവരുടെ ആവശ്യങ്ങളെ പരിഗണിച്ചില്ല. ഞങ്ങൾ അധികാരത്തിലെത്തി, ആ വാഗ്ദാനം നടപ്പാക്കിയെന്നും മോദി അവകാശപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നിങ്ങൾ ബി.ജെ.പിയെ പിന്തുണച്ചു. ഇത് ഇടതിനെയും വലതിനെയും പരിഭ്രാന്തരാക്കി. ബി.ജെ.പിയെ ഭയക്കുന്നു. ഇപ്പോൾ അവർ നേരായ പാതയിലെത്തി. ലിബിയയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഒൻപതു പേരെ രക്ഷപെടുത്തിയതിൽ സന്തോഷമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്നുള്ള ആറുപേരും തമിഴ്നാട്ടിൽ നിന്നുള്ള മൂന്നുപേരെയുമാണ് രക്ഷിച്ചത്. വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ അവരെ ഇന്ത്യയിലെത്തിക്കും. കേരളത്തിൽ നിന്നുള്ള നഴ്സുമാരെ ഭീകരരിൽ നിന്ന് ഞങ്ങൾ രക്ഷിച്ച് നാട്ടിലെത്തിച്ചു, മോദി പറഞ്ഞു.