ക്രിപ്റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്തരുത്; യുവതയെ നശിപ്പിക്കുമെന്ന് മോദി

ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്താതിരിക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച് ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.

‘രാജ്യത്തെ യുവതയെ നശിപ്പിക്കാന്‍ സാധ്യതയുള്ള ക്രിപ്റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്തുന്നത് തടയാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കാലഘട്ടത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മാറ്റത്തിന്റെ സമയത്താണ് നമ്മളിപ്പോഴുള്ളത്. ഡേറ്റയും സാങ്കേതികവിദ്യയും ആയുധങ്ങളാകുകയാണ്. ഡിജിറ്റല്‍ യുഗം എല്ലാത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു.

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകള്‍തന്നെ പുനര്‍നിര്‍വചിക്കപ്പെട്ടു. രാജ്യസ്നേഹം, ഭരണനിര്‍വഹണം, ധാര്‍മികത, അവകാശങ്ങള്‍, സുരക്ഷ എന്നിവയെക്കുറിച്ചു പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആഗോളമത്സരം, അധികാരം, നേതൃത്വം എന്നിവയിലും രൂപാന്തരം സംഭവിക്കുന്നു. സര്‍വ മേഖലകളിലും ഉയരുന്ന ഭീഷണികള്‍ നേരിടാന്‍ നാം സജ്ജരായേ മതിയാകൂ. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് സുതാര്യതയാണ്. എന്നാല്‍ ഈ സുതാര്യത മുതലെടുക്കാനും ദുരുപയോഗം ചെയ്യാനും നിക്ഷിപ്ത താല്‍പര്യക്കാരെ അനുവദിക്കാനും പാടില്ല’ – മോദി പറഞ്ഞു.

ക്രിപ്റ്റോ കറന്‍സി രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ഫണ്ടിങ്ങിനും ഉപയോഗിക്കപ്പെടുമെന്ന മുന്നറിയിപ്പു നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. റിസര്‍വ് ബാങ്കും ആഭ്യന്തര മന്ത്രാലയവും സാങ്കേതിക വിദഗ്ധരെ സഹകരിപ്പിച്ച് നടപ്പാക്കുന്ന അഭിപ്രായസമന്വയ നടപടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി പങ്കെടുത്ത യോഗം നടന്നത്.

വന്‍ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളെ വഴിതെറ്റിക്കുന്ന, സുതാര്യതയില്ലാത്ത പരസ്യങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ക്രിപ്റ്റോ കറന്‍സിയില്‍ നടക്കുന്ന നിക്ഷേപങ്ങള്‍ നിരീക്ഷിക്കാന്‍ നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

 

Top