ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ എത്രത്തോളം വിജയകരമാണെന്നും അവ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നും അറിയായി സര്‍വേ നടത്താന്‍ നിര്‍ദേശം. ഇതുസംബന്ധമായ നിര്‍ദേശം ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കി.
സര്‍വേ നടത്തുമ്പോള്‍ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ എംപിമാര്‍ ബോധവത്കരിക്കും. ജനുവരി 11നകം സര്‍വേ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
എല്ലാ എംപിമാരും ഇക്കാര്യം നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഏത് പദ്ധതിയാണ് തങ്ങളുടെ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതെന്നും ജനങ്ങള്‍ സ്വീകരിച്ചതെന്നും എംപിമാര്‍ കണ്ടെത്തണം. അവയുടെ നടത്തിപ്പെങ്ങനെയെന്ന് വിലയിരുത്തുകയും വേണം. സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ആപ്പുവഴി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.