ലോക നേതാക്കളില്‍ താരമായി മോദി ! ! കൈവരിച്ചത് അസൂയാവഹമായ നേട്ടം

മുന്‍ഗാമികളില്‍ നിന്നും പ്രധാനമന്ത്രി നരേമോദിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്.

ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണിപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്.

ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു പരിപാടിയില്‍ പങ്കെടുത്തത്. എന്നത് ലോക രാഷ്ട്രങ്ങളെയാകെ അമ്പരപ്പിച്ചിട്ടുണ്ട്. ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇവിടെ എത്തിയിരുന്നത്.

ഏതാനും മിനിറ്റ് മാത്രം പരിപാടിയില്‍ പങ്കെടുക്കുമെന്ന മുന്‍ തീരുമാനം മാറ്റി ഒന്നര മണിക്കൂറിലധികം സമയം ഹൗഡി മോദി സംഗമത്തില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ തീരുമാനം സംഘാടകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അരലക്ഷത്തിലധികം വരുന്ന ആളുകള്‍ പങ്കെടുക്കുന്ന ഈ പരിപാടി അമേരിക്കയെ സംബന്ധിച്ച് ഏറ്റവും വലിയ പരിപാടിയായി ഇതിനകം മാറികഴിഞ്ഞിട്ടുണ്ട്.

ആയുധ രംഗത്ത് മാത്രമല്ല വാണിജ്യ രംഗത്തും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ കാല്‍വയ്പിനുള്ള വേദിയായാണ് ‘ഹൗഡി മോദി’ പരിപാടി മാറിയിരിക്കുന്നത്.

അമേരിക്കയെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ വിപണികളില്‍ പ്രധാനിയായ ഇന്ത്യയുമായുള്ള സഹകരണം അനിവാര്യമാണ്. പ്രത്യേകിച്ച് ചൈനയുമായി വാണിജ്യ യുദ്ധം ആരംഭിച്ചതിനാല്‍ മേഖലയിലെ പ്രധാന ശക്തിയായ ഇന്ത്യയെ ഒപ്പം നിര്‍ത്തേണ്ടത് ആ രാജ്യത്തെ സംബന്ധിച്ച് അനിവാര്യമാണ്. ഈ ഒരു വേദി ട്രംപ് ഉപയോഗപ്പെടുത്തിയതും വ്യക്തമായ കണക്ക് കൂട്ടലോടെ തന്നെയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ആരാകണമെന്ന് തീരുമാനിക്കാന്‍ ശേഷിയുള്ള വോട്ടര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷമെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ അമേരിക്കയിലെ രാഷ്ട്രീയ നേത്യത്വങ്ങളും അതീവ പ്രാധാന്യത്തോടെയാണ് ഹൗഡി മോദി പരിപാടിയെ നോക്കി കണ്ടിരുന്നത്.

പാക്കിസ്ഥാനും ചൈനയുമാകട്ടെ ആകെ ഞെട്ടിയ അവസ്ഥയിലാണിപ്പോള്‍. റഷ്യയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ഇന്ത്യ അമേരിക്കയുമായും സഹകരണം വര്‍ദ്ധിപ്പിക്കുന്നത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്.

ബന്ധശത്രുക്കളായ റഷ്യയെയും അമേരിക്കയെയും ഒരേ സമയം സൗഹൃദത്തില്‍ കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയുന്നതാണ് പാക്കിസ്ഥാനെയും ചൈനയെയും അമ്പരപ്പിച്ചിട്ടുണ്ട്.

ഇന്ത്യ പുതുതായി ആര്‍ജ്ജിക്കുന്ന കരുത്താണ് ചൈനയെ പോലും കശ്മീര്‍ വിഷയത്തില്‍ പിറകോട്ടടിപ്പിക്കുന്നത്. പാക്കിസ്ഥാന്‍ ഉദ്ദേശിച്ച രൂപത്തിലുള്ള ഒരു സൈനിക പിന്തുണ ഈ വിഷയത്തില്‍ ചൈന നല്‍കിയിരുന്നില്ലന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാകില്ലന്ന സൂചനയും ചൈന നല്‍കി കഴിഞ്ഞു. ഇതും പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കൊടും ഭീകരനായ മസൂദ് അസഹറിനെ ആഗോള ഭീകരനാക്കുന്നതിന് യു.എന്നില്‍ പല തവണ തടസ്സവാദം ഉന്നയിച്ച ചൈന ഒടുവില്‍ അതില്‍ നിന്നു പിന്‍മാറിയതും പാക്കിസ്ഥാന് അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണ് മസൂദ് അസഹറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയെ പ്രീണിപ്പെടുത്തുന്ന നടപടിയാണിപ്പോള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഇന്ത്യയാകട്ടെ റഷ്യയുമായും അമേരിക്കയുമായും ഒരു പോലെ നല്ല ബന്ധം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. അടുത്തയിടെ നടന്ന മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലും നിര്‍ണ്ണായകമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. അമേരിക്കന്‍ സമര്‍ദ്ദത്തിന് വഴങ്ങാതെയാണ് എസ് 400 ട്രയംഫ് കരാറുമായി ഇന്ത്യ മുന്നാട്ട് പോകുന്നത്. അമേരിക്കയുടെ പുതു തലമുറ യുദ്ധവിമാനങ്ങളെ പോലും ചാരമാക്കാന്‍ ശേഷിയുള്ള റഷ്യന്‍ പ്രതിരോധ കരുത്താണ് ട്രയംഫ് 400.

42000 കോടിയുടെ കരാറാണ് ഇതുസംബന്ധമായി ഇന്ത്യയുമായി റഷ്യ ഒപ്പ് വച്ചിരിക്കുന്നത്. സൈനിക മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും റഷ്യയും ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കയാവട്ടെ ലോകത്തിലെ ഏറ്റവും ശക്തമായ അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെ അടുത്തയിടെയാണ് ഇന്ത്യക്ക് നല്‍കിയത്.ഏറ്റവും ആധുനിക ടെക്‌നോളജിയുള്ള ഈ ഹെലികോപ്റ്ററിന് മിസൈലുകളും ടാങ്കുകളും തകര്‍ക്കാന്‍ നിഷ്പ്രയാസം കഴിയും.

യുദ്ധവിമാനങ്ങളില്‍ ഏറ്റവും പുതിയ ടെക്‌നോളജിയുള്ള ഫ്രാന്‍സിന്റെ റഫേല്‍ യുദ്ധവിമാനവും ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ബാലക്കോട്ടെ ആക്രമണത്തിന് മുന്‍പ് ഈ വിമാനം കൈവശമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ പ്രഹരം പാക്കിസ്ഥാന് ഏല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്‍പ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ലേറ്റായാലും ലേറ്റസ്റ്റായി തന്നെ ഇന്ത്യക്ക് കാവലൊരുക്കുകയാണിപ്പോള്‍ അപ്പാച്ചെയും റഫേലും. ഈ പുതിയ സംവിധാനങ്ങള്‍ സേനയുടെ ഭാഗമായത് ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവിശ്വാസമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കണമെന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇനി അധികം താമസമില്ലന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും നല്‍കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയ സംഭവത്തിനെതിരായ പ്രതിഷേധത്തെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞതും കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് സ്ഥാപിക്കാനും ഇതു വഴി എളുപ്പം കഴിഞ്ഞു.

പ്രതിരോധം എന്ന നിലപാടില്‍ നിന്നും അറ്റാക്ക് നിലപാടിലേക്ക് ഇന്ത്യ മാറിയത് ലോക രാഷ്ട്രങ്ങളെ സംബന്ധിച്ചും അമ്പരപ്പിച്ച കാര്യമാണ്. അറബ് രാഷ്ട്രങ്ങള്‍ക്ക് പോലും പാക്കിസ്ഥാനെ കൈവിടേണ്ടി വന്നത് ഇന്ത്യയുടെ മാറിയ ഈ മുഖത്തെ ഭയന്ന് തന്നെയാണ്. ആണവായുധം ആദ്യം ഉപയോഗിക്കില്ലന്ന നിലപാട് ഇപ്പോള്‍ പരിഗണനയിലില്ലന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും വ്യക്തമാക്കി കഴിഞ്ഞു.

ഇന്ത്യയുടെ നിലപാടുകളും നയങ്ങളും കൂടുതല്‍ കര്‍ക്കശമായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദിയിപ്പോള്‍ അമേരിക്കയില്‍ എത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ പഴയ ഇന്ത്യയെയല്ല പുതിയ ഇന്ത്യയെ തന്നെയാണ് മോദിയിലും അമേരിക്ക ഇപ്പോള്‍ ദര്‍ശിക്കുന്നത്. ഈ കാരണങ്ങള്‍ തന്നെയാണ് ഹൗഡി മോദി പരുപാടിയില്‍ ട്രംപിനെയും എത്തിച്ചിരിക്കുന്നത്.

ഈ ഒരൊറ്റ പരിപാടിയിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ്സ് ഒറ്റയടിക്ക് ഉയരുമെന്നാണ് പ്രമുഖ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ഓരോ ഇന്ത്യക്കാരനും തല ഉയര്‍ത്തി നില്‍ക്കാന്‍ പറ്റുന്ന സാഹചര്യമാണ് മോദിയിപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യ – അമേരിക്ക തര്‍ക്കം കൈവിട്ട് പോകുന്ന അവസ്ഥയുണ്ടായാല്‍ ഒരു മധ്യസ്ഥന്റെ റോള്‍ വഹിക്കാന്‍ പോലും ഇനി മോദിക്ക് കഴിയുമെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം പോലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Express View

Top