സമുദ്ര സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന തീവ്രവാദികള്‍ക്കെതിരെ നടപടി വേണമെന്ന് യു എന്‍ സുരക്ഷാ സമിതിയില്‍ മോദി

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രവ്യാപാരമേഖലയിലെ തടസങ്ങള്‍ നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മോദി ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സുരക്ഷ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷനാകുന്നത്.

കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചാണ് യോഗം തുടങ്ങിയത്. സമുദ്ര സുരക്ഷയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം, രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്നും മോദി പറഞ്ഞു. സമുദ്രങ്ങള്‍ പൈതൃകത്തിന്റെ ഭാഗമാണെന്നും രാജ്യാന്തര വ്യാപാരത്തിന്റെ ജീവനാഡികളാണ് സമുദ്ര പാതകളെന്നും മോദി പറഞ്ഞു. ഭീകരത, കടല്‍ക്കൊള്ള എന്നിവയ്ക്കായി സമുദ്ര പാതകളെ ദുരുപയോഗം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദത്തിനിടെ പറഞ്ഞു.

തീവ്രവാദ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സമുദ്രസുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് മറ്റ് രാജ്യങ്ങളും വ്യക്തമാക്കി. സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങളില്‍ കൂടി പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top