ഹാര്‍കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഇന്ന് രാത്രി സംസാരിക്കും. വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മോദി പുടിനുമായി അടിയന്തരമായി ഫോണില്‍ സംസാരിക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച. ഇതുവരെ 17,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായും കീവില്‍ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നും എല്ലാവരെയും ഒഴിപ്പിച്ചതായും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അടുത്ത 24 മണിക്കൂറില്‍ 15 വിമാനങ്ങള്‍ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇതില്‍ ചിലത് യാത്ര തിരിച്ച് കഴിഞ്ഞതായും വിദേശകാര്യവക്താവ് പറയുന്നു.
കീവിലെ ഇന്ത്യന്‍ എംബസി ഇനി മുതല്‍ ലിവീവിലായിരിക്കും പ്രവര്‍ത്തിക്കുക. കീവിലെ ഇന്ത്യന്‍ എംബസി പൂര്‍ണമായും അടച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെല്ലാവരും ലിവീവിലേക്ക് എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.