പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും

വത്തിക്കാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാകും കൂടിക്കാഴ്ച. അര മണിക്കൂര്‍ നേരം കൂടിക്കാഴ്ച നീളും. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്‌റാള്‍, എ ബി വാജ്‌പേയി എന്നിവരാണ് മുമ്പ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍. സെന്റ്പീറ്റേഴ്‌സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാന്‍ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക.

മുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യയിലെത്തിയിപ്പോള്‍ എ ബി വാജ്‌പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വലിയ സ്വീകരണമാണ് നല്‍കിയത്.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തിയത്. രണ്ട് ദിവസമായാണ് ഉച്ചകോടി നടക്കുക. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തികവ്യാവസായിക മാന്ദ്യം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

Top