പ്രതിപക്ഷത്തിന് വലിയ ആശങ്ക, ചങ്കിടിപ്പ്, ബി.ജെ.പിക്ക് ഇപ്പോൾ പുതിയ പ്രതീക്ഷകൾ !

കോണ്‍ഗ്രസ്സും പ്രതിപക്ഷ മഹാസഖ്യവും ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ ഉറപ്പിച്ച വിജയം കൈവിട്ടു പോകുമോ എന്നതാണ് അവരുടെ ആശങ്ക. നരേന്ദ്ര മോദിയുടെ രണ്ടാം ഊഴത്തിന് തടയിടാന്‍ യു.പിയില്‍ ഒന്നിച്ച എസ്.പി ബി.എസ്.പി സഖ്യത്തിനും ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ തൃണമൂലിനുമെല്ലാം ഈ ഭീതി ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്. വീണ്ടും ഒരിക്കല്‍ കൂടി ബി.ജെ.പിക്ക് കേന്ദ്രത്തില്‍ ഭരണം ലഭിക്കുന്നത് തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് സൈന്യം ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തിരിച്ചടി നല്‍കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഇതിനുള്ള ഭരണപരമായ അനുമതി കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നല്‍കി കഴിഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കര-വ്യോമ -നാവിക സേനാ മേധാവികളുമായി നടത്തുന്ന ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരിച്ചടി.

പുല്‍വാമയില്‍ ഏറ്റ മുറിവുണക്കാതെ ലോകസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ വലിയ തിരിച്ചടി ബി.ജെ.പിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും എത്രയും പെട്ടന്നുള്ള ഒരു ആക്രമണം തന്നെയാണ്. സൈന്യം ശക്തമായി തിരിച്ചടിക്കുന്നതോടെ ഈ വിഷയം മുന്‍ നിര്‍ത്തി ബി.ജെ.പി രാഷ്ട്രീയ നേട്ടം കൊയ്യുമെന്നാണ് പ്രതിപക്ഷത്തിന്റെ ഭയം. കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും മീതെയാണ് ദേശീയ വികാരമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കും അനുകൂലമായ ഒരു തരംഗം സൈനിക നടപടിയുടെ തുടര്‍ച്ചയായി ഉണ്ടാകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല.

ഈ സാഹചര്യത്തിലാണ് ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ഷൂട്ടിങ് തിരക്കിലായിരുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്ത്. പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള മണിക്കൂറുകളില്‍ മോദി നൈനിത്താളിലെ ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ഫോട്ടോ ഷൂട്ടിലായിരുന്നു എന്ന് രാഹുല്‍ ഗാന്ധി തന്നെയാണ് ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. ഈ ആക്ഷേപം ബി.ജെ.പി തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതിനെല്ലാം ഉള്ള മറുപടി അധികം താമസിയാതെ കിട്ടുമെന്നാണ് കാവിപ്പട നല്‍കുന്ന പ്രതികരണം.

അതേ സമയം ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാനുമായുള്ള തുറന്ന യുദ്ധത്തിലേക്ക് മാറിയാല്‍ അത് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാനും അടിയന്തരാവസ്ഥക്കും വരെ കാരണമാകാനും സാധ്യതയുണ്ട്.ആണവശക്തിയാണ് പാക്കിസ്ഥാന്‍ എന്നതിനാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് തിരിച്ചടി വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇന്ത്യന്‍ ആക്രമണം പാക്കിസ്ഥാനും ഭീകരര്‍ക്കും ഒരിക്കലും മറക്കാത്ത ഒരടയാളമായി മാറണമെന്നും സൈന്യം ആഗ്രഹിക്കുന്നു. അതു കൊണ്ട് തന്നെ ലക്ഷ്യസ്ഥാനവും കൃത്യമായിരിക്കും.

മുന്‍കരുതലിന്റെ ഭാഗമായി മിസൈല്‍ പ്രതിരോധ സംവിധാനം ഇതിനകം തന്നെ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യം നേരിടാനും സൈന്യം തയ്യാറുമാണ്. ആക്രമണം എപ്പോള്‍, എവിടെ എന്ന കാര്യത്തില്‍ മാത്രമേ ലോക രാജ്യങ്ങള്‍ക്കും ഇനി സംശയമുള്ളു. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ജെയ്‌ഷെ മുഹമ്മദിന്റെ ബഹവല്‍പ്പൂര്‍ ആസ്ഥാനം ഏറ്റെടുത്തതായി പാക്ക് ഭരണകൂടം അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന്റെ പതിവ് നാടകമായി മാത്രമാണ് ഈ പ്രതികരണത്തെ ഇന്ത്യ നോക്കി കാണുന്നത്.ഇതിനിടെ കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകര ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറായി നില്‍ക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.ഐക്യരാഷ്ട്ര സഭ കൂടി കൈവിട്ടതോടെ കൂടുതല്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് നിലവില്‍ പാക്കിസ്ഥാന്‍. ലോകത്തെ മുഴുവന്‍ എതിരാക്കി ചൈന പോലും ഇനി സൈനികമായി സഹായിക്കുമോ എന്ന കാര്യത്തില്‍ പോലും പാക്ക് ഭരണകൂടത്തിന് സംശയമുണ്ട്.

ഇന്ത്യയുടെ തന്ത്രപരമായ നയതന്ത്ര നീക്കത്തില്‍ ശരിക്കും പെട്ടുപോയിരിക്കുകയാണിപ്പോള്‍ പാക്കിസ്ഥാന്‍. പാക്കിസ്ഥാന് വേണ്ടി തങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഐക്യരാഷ്ട്രസഭ ഒറ്റക്കെട്ടായി തള്ളിയതില്‍ ചൈനയും ഞെട്ടിയിട്ടുണ്ട്. സമീപകാലത്തൊന്നും ലഭിക്കാത്ത അത്രയും വലിയ പിന്തുണയാണ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top