തിരിച്ചടികള്‍ മറികടക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റ നിര്‍ണായക യോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി : ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റ നിര്‍ണായക യോഗം ഇന്ന് ചേരും. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ എം പിമാരും നേതാക്കളും പങ്കെടുക്കും.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളും പാര്‍ട്ടിയുടെ ഭാവി പരിപാടികളും ആകും ചര്‍ച്ച ചെയ്യുക. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലും യോഗത്തിന്റെ അജന്‍ഡയിലുണ്ട്.

സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

അതേസമയം പശ്ചിമബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ രഥയാത്ര റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കേണ്ടിയിരുന്ന റാലിയില്‍ നിന്ന് പിന്മാറി.

രഥയാത്ര നടന്നില്ലെങ്കിലും ഡിസംബര്‍ 16-ന് സിലിഗുഡിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് അറിയിച്ചിരുന്നത്. എന്നാല്‍, റാലിക്ക് പ്രധാനമന്ത്രി എത്തുന്നില്ലെന്നാണ് ഒടുവില്‍ ഘോഷ് തന്നെ വെളിപ്പെടുത്തിയത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങും എത്തുന്നില്ലെന്നാണ് വിവരം. രമണ്‍സിങ്ങിന് എത്താന്‍ തടസ്സമൊന്നുമില്ലെന്നാണ് ഘോഷ് പറഞ്ഞത്. എന്നാല്‍ മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സെക്രട്ടറിമാരിലൊരാളുമായ രാഹുല്‍ സിന്‍ഹ പറഞ്ഞത് മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും പുതിയ സാഹചര്യത്തില്‍ അദ്ദേഹം എത്തുകയില്ലെന്നുമാണ്.

Top