Modi’s election campaign in Assam

ഗോഹട്ടി: അസം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. താന്‍ ചായക്കടക്കാരനായിരുന്നപ്പോള്‍ വിറ്റത് അസം ചായയെന്ന്
വെളിപ്പെടുത്തിയാണ് മോഡിയുടെ വോട്ടുപിടുത്തം.

അസമിലെ ടിന്‍ സുകിയയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ ചായക്കടക്കാരനായിരുന്നപ്പോള്‍ അസം ചായയാണ് വിറ്റിരുന്നത്. അത് ആളുകളെ
ഉന്മേഷവാന്മാരാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അസമിനോട് വളരെ കടപ്പെട്ടിരിക്കുന്നു’മോദി പറഞ്ഞു.

കോണ്‍ഗ്രസിന് നിങ്ങള്‍ അറുപത് വര്‍ഷം കൊടുത്തു. ഞാന്‍ അഞ്ചു വര്‍ഷമാണ് ചോദിക്കുന്നത്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ രാജ്യത്തെ അഞ്ചു വികസിത സംസ്ഥാനങ്ങളിലൊന്നായിരുന്നു അസം. ഇന്ന് അത് ഏറ്റവും മോശെപ്പട്ട സംസ്ഥാനങ്ങളിലൊന്നായി മാറി. എ ഫോര്‍ അസം എന്ന് കുട്ടികള്‍ പറയുന്ന ഒരു കാലം വരുമെന്നും മോദി വ്യക്തമാക്കി.

അസമില്‍ ഏഴു റാലികളിലാണ് ഒരു ദിവസം കെണ്ട് നരേന്ദ്രമോദി സംസാരിക്കുന്നത്. 2014ലെ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ ഇവിടെ ഏഴു സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്.

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായതിലെ വിദ്വേഷമാണ് കോണ്‍ഗ്രസിനെന്നാണ് മോഡിയുടെ പ്രധാന ആരോപണം. കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചായക്കടക്കാരനായതുകൊണ്ടാണ് എന്നു പറഞ്ഞാണ് മോഡിയുടെ പ്രതിരോധം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചായകുടി ചര്‍ച്ചകള്‍ മോഡിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു.

കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും പ്രചരണം തുടങ്ങുമ്പോള്‍ വീണ്ടും ചായ വെളിപ്പെടുത്തലുകളുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Top