മോദി സർക്കാരിന്റെ പദ്ധതികൾ കോടികളുടെ പരസ്യങ്ങളിൽ മാത്രം ; ഡി.വൈ.എഫ്.ഐ

രേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്.

കോടിക്കണക്കിന് രൂപ ചിലവിട്ട് വലിയ പരസ്യങ്ങള്‍ നല്‍കുന്ന പദ്ധതികളെല്ലാം കടലാസില്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ റിയാസ് തൊഴിലില്ലായ്മ മോദി ഭരണത്തില്‍ ഭീതിതമായി തീര്‍ന്നിരിക്കുകയാണെന്നും ആരോപിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

രണ്ടു കോടി തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും! 2014 ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇന്ത്യന്‍ യുവജനതയ്ക്കു മുന്നില്‍ വെച്ച വാഗ്ദ്ധാനമായിരുന്നു ഇത്. രണ്ടാം യു.പി.എ സര്‍ക്കാര്‍ പിന്തുണ്ടര്‍ന്ന ‘തൊഴില്‍ രഹിത വളര്‍ച്ച നയം’ (jobless growth), ഇന്ത്യന്‍ യുവതയെ തൊഴിലില്ലയ്മയുടെ ദുരിതക്കയങ്ങളിലേക്കാണ് തള്ളിയിട്ടത്. മൊത്തം വോട്ടര്‍മാരുടെ 65 ശതമാനം വരുന്ന ഈ യുവജനങ്ങളുടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരായുള്ള രോഷം പ്രതിഫലിച്ച തിരഞ്ഞെടുപ്പ് ഫലം കൂടിയായിരുന്നു 2014 ലേത്. എന്നാല്‍ പുതിയ തൊഴിലവസരങ്ങളുടെ മോഹിപ്പിക്കുന്ന വാഗ്ദ്ധാനങ്ങളുമായി അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, തൊഴിലില്ലായ്മ ഇന്ത്യന്‍ സമീപകാല ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ഭീതിതമായി തീര്‍ന്നിരിക്കുന്ന വസ്തുത, സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പകല്‍ പോലെ വ്യക്തമാക്കിയിരിക്കുന്നു.

201516 ലെ സാമ്പത്തിക സര്‍വ്വേ സൂചിപ്പിക്കുന്നത്, തൊഴിലില്ലായ്മ 201112ലെ 3.8 ശതമാനത്തില്‍ നിന്നും 5 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്. 201112ല്‍ 9.3 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ 2015ല്‍ അത് വെറും 1.35 ലക്ഷമായി നിലംപൊത്തി. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളാണ് ഇന്ത്യന്‍ തൊഴില്‍ മേഖലയുടെ ഈ ദുരവസ്ഥ വെളിപ്പെടുത്തുന്നത്. നിര്‍മ്മാണം, വ്യാപാരം, ഉത്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ, ഗതാഗതം, ലോഡ്ജിംഗും ഹോട്ടല്‍ വ്യവസായവും തുടങ്ങി പ്രധാനപ്പെട്ട എട്ടു മേഖലകളിലും രൂക്ഷമായ തൊഴില്‍ നഷ്ടമാണ് 2014ല്‍ മോദി അധികാരത്തില്‍ വന്നതു മുതല്‍ 2016 അവസാനം വരെയുള്ള ബാലസ് ഷീറ്റുകള്‍ സൂചിപ്പിക്കുന്നത്. ആകെ ഉണ്ടാക്കാനായത് ആറര ലക്ഷം തൊഴിലുകള്‍ മാത്രം.

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഫ്‌ലാഗ് ഷിപ്പ് പദ്ധതി എന്നറിയപ്പെടുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതിയില്‍ (Prime Minister’s Employment Generation Programme), മാത്രം 24 ശതമാനം തൊഴിലവസരങ്ങള്‍ കുറഞ്ഞു.

ലോകത്തിലെ തന്നെ എറ്റവും വലിയ പൊതുമേഖല തൊഴില്‍ ദാതാവാണ് ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ മെയ്യ് 25ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് അതിന്റെ പതിനേഴോളം വരുന്ന സോണല്‍ ഹെഡ് ക്വാര്‍ട്ടറുകള്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിക്കുന്നത്, ചിലവു ചുരുക്കലിന്റെ ഭാഗമായി 11000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കണമെന്നാണ്. ഇന്ത്യന്‍ റേയില്‍വേയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രധാന സ്റ്റേഷനുകള്‍ പോലും ലേലത്തില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നു ഈ സര്‍ക്കാര്‍.

201617 ലെ സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു അപകടം സ്ഥിരം തൊഴിലവസരങ്ങളുടെ ദ്രുതഗതിയിലുള്ള അപ്രത്യക്ഷമാവലാണ്. സര്‍ക്കാര്‍ മേഖലകളില്‍ സ്ഥിരം തൊഴിലുകള്‍ വെട്ടികുറയ്ക്കുകയും അവിടെ താല്കാലിക കരാര്‍ തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നുണ്ട്. കൃത്യമായ വേതനമോ, അനുകൂല്യങ്ങളോ, തൊഴില്‍ സുരക്ഷയോ ഇല്ലാത്ത ഈ കരാര്‍വത്ക്കരണം ഇന്ന് ഗവണ്‍മെന്റിന്റെ തൊഴില്‍ നയത്തിന്റെ മുഖമുദ്രയാണ്.

സാമ്പത്തിക മേഖലയുടെ ഉണര്‍ച്ചയ്ക്കും തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിനും വേണ്ടി എന്ന് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ (Make in India), ഡിജിറ്റല്‍ ഇന്ത്യ (Digital India), സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ (Startup India) തുടങ്ങി പദ്ധതികളെല്ലാം കടലാസില്‍ മാത്രമാണ്. കോടികണക്കിന് രൂപ ചിലവിട്ട് വലിയ പരസ്യങ്ങള്‍ നല്കുക മാത്രമാണ് ഇത്തരം പദ്ധതികളില്‍ മിക്കതിലും സര്‍ക്കാര്‍ ചെയ്തത്. കണക്കുകളെല്ലാം വ്യക്തമാക്കുന്നത് ഈ പദ്ധതികളൊന്നും തന്നെ ഉന്നയിച്ച അവകാശ വാദങ്ങളുടെ ചെറു ശതമാനം പോലും പൂര്‍ത്തീകരിച്ചില്ല എന്നാണ്. ഉദാഹരണത്തിന്, 2020 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം ജി.ഡി.പി.യുടെ 25 ശതമാനം ഉത്പാദന മേഖലയില്‍ നിന്നും കൈവരിക്കാന്‍ ലക്ഷ്യമിട്ടാണ് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തേ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഉത്പാദന മേഖലയുടെ വളര്‍ച്ച വെറും 1.6 ശതമാനം മാത്രമാണ് എന്നാണ്. തദ്ദേശീയ ഉത്പാദന മേഖലയോടുള്ള ഈ സര്‍ക്കാരിന്റെ അവഗണനയാണ് വളര്‍ച്ച നിരക്കിന്റെ മന്ദതയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടി കാണിയ്ക്കുന്നത്. 5 കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ദ്ധ്യം ലക്ഷ്യമിട്ടു തുടങ്ങിയ ‘സ്‌കില്‍ ഇന്ത്യ’ പദ്ധതിയുടെ ടാര്‍ജറ്റ് വെട്ടിക്കുറയ്ക്കുക കൂടി ചെയ്തിരിക്കുന്നു സര്‍ക്കാര്‍. നഗരങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കാനായുള്ള മറ്റൊരു പദ്ധതിയായ ദേശീയ നഗര ജീവനോപാധി മിഷന്‍ (National Urban Livelihoods Mission) കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായ് പ്രഖ്യാപിച്ച ടാര്‍ജറ്റ് കൈവരിച്ചിട്ടില്ല

ടെക്‌സ്‌റ്റൈല്‍, തുകല്‍, തുടങ്ങിയ മേഖലകളിലെ ചെറുകിടഇടത്തരം ഉത്പാദകര്‍ക്ക് ഉപകാരപ്രദമായ ഒരു സാമ്പത്തിക പാക്കേജും നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ല. കന്നുകാലികളെ കൈമാറ്റം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് പുതുതായി പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍, 25 ലക്ഷത്തോളം ആളുകള്‍ തൊഴിലെടുക്കുന്ന തുകല്‍ വ്യവസായ മേഖലയെ സമ്പൂര്‍ണമായും തകര്‍ക്കുന്ന തീരുമാനമാണ്. കൂടാതെ ലക്ഷകണക്കിനു പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്ന ഡയറി മേഖലയെ സമ്പൂര്‍ണമായി തകര്‍ത്ത്, കുത്തക പാല്‍പൊടി കമ്പനികള്‍ക്ക് ഇറക്കുമതിക്കായി ഇന്ത്യന്‍ മാര്‍ക്കറ്റുകളുടെ വാതിലുകള്‍ തുറന്നിടുക കൂടിയാണ് ഈ കന്നുകാലി വില്‍പന നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്.

കളളപ്പണം ഇല്ലാതാക്കാന്‍ എന്ന അവകാശവാദവുമായി നടപ്പിലാക്കിയ നോട്ടു നിരോധനം, തീരാ ദുരിതങ്ങളാണ് ഇന്ത്യന്‍ ജനതയ്ക്ക് സമ്മാനിച്ചത്. രാജ്യത്തെ തൊഴില്‍ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ ഈ തുഗ്ലകിയന്‍ പരിഷ്‌ക്കാരം പിടിച്ചുലച്ചു. നോട്ടു നിരോധനം നടപ്പിലാക്കി 6 മാസം കഴിഞ്ഞപ്പോള്‍, ചെറുകിട തൊഴില്‍ മേഖലകളായ തുകല്‍, ആഭരണ നിര്‍മാണം, ടെക്സ്റ്റയില്‍സ് എന്നിവയില്‍ മാത്രം ഏകദേശം 4 ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടു. ദിവസ വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള തൊഴിലാളികളാണ് ഇവരില്‍ ബഹുഭൂരിപക്ഷവും എന്നോര്‍ക്കണം. തിരുപ്പൂര്‍ പോലുള്ള തുണി വ്യവസായ കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന 70 ശതമാനം ഇതര സംസ്ഥാന തൊഴിലാളികളും വേതനം ലഭിക്കാതെ തൊഴില്‍ ഉപേക്ഷിച്ച് തിരിച്ചു പോകേണ്ട സ്ഥിതിയുണ്ടായി. ചില്ലറ വ്യാപാര ശൃംഖല വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി.സമ്പദ്ഘടനയുടെ വളര്‍ച്ച വെറും 7 ശതമാനമായി ചുരുങ്ങി. കയറ്റുമതിയില്‍ 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുകയാണെന്ന മേനി പറച്ചില്‍ എത്ര പരിഹാസ്യമാണെന്നറിയാന്‍, ഐ.ടി മേഖലയിലെ പ്രതിസന്ധി മനസിലാക്കേണ്ടതുണ്ട്. 201516 കാലഘട്ടത്തില്‍ വമ്പന്‍ ഇന്ത്യന്‍ സോഫ്റ്റ് വയര്‍ കമ്പനികളായ വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ എന്നിവയൊക്കെ തുച്ഛമായ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷം ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുത്ത ആയിരക്കണക്കിന് ഉദ്യോഗര്‍ത്ഥികള്‍ക്കാണ് L&T infotech നിയമനം നല്കാതിരുന്നത്. വിപ്രോ അയിരം തൊഴിലാളികളെ ‘പെര്‍ഫോര്‍മന്‍സ്’ മോശമായതിന്റെ പേരില്‍ പിരിച്ചു വിട്ടപ്പോള്‍, ബാങ്കിംഗ് ഭീമനായ എച്ച്.ഡി.എഫ്.സി യില്‍ ആറായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ രണ്ട് ലക്ഷം തൊഴിലുകള്‍ വരെ വാര്‍ഷിക നഷ്ടം ഇന്ത്യന്‍ ഐ.ടി രംഗത്ത് ഉണ്ടാകുമെന്ന് ബിസ്‌നസ് സ്റ്റാന്‍ഡേര്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണാല്‍ഡ് ട്രംപ് അമേരിക്കന്‍ സോഫ്റ്റ് വയര്‍ ഔട്ട് സോര്‍സിംഗ് നയത്തില്‍ വരുത്തിയ കാതലായ മാറ്റം, ഇന്ത്യന്‍ ഐ.ടി മേഖലയെ കൂടുതല്‍ ശോഷിപ്പിക്കുകയും ചെയ്യും.ഇന്ത്യയുടെ ഐ.ടി നഗരങ്ങളായ ബാഗ്ലൂരുവിലെയും ചെന്നെയിലെയുംമെല്ലാം ഐ.ടി മേഖലയിലെ തൊഴിലാളികള്‍ തൊഴിലാളി സംഘടനാ രൂപീകരണത്തിന് മുതിരുകയാണ് എന്നത് ഈ ആഘാതത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു കോടി മുപ്പത് ലക്ഷം യുവജനങ്ങള്‍ പ്രതിവര്‍ഷം പുതുതായി തൊഴില്‍ മേഖലയിലേക്കു പ്രവേശിക്കുന്ന ഇന്ത്യയില്‍ ‘തൊഴില്‍ രഹിത’ വളര്‍ച്ച നയം പിന്തുടരുന്ന ഗവണ്‍മെന്റുകള്‍ യഥാര്‍ത്ഥത്തില്‍ അപകടകരമായ അരാജകത്വമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ മോദി ഭരണം സകല മേഖലകളിലും സമ്പൂര്‍ണ പരാജയമാണെന്ന വസ്തുത മറച്ചു വെയ്ക്കാന്‍, ജനങ്ങള്‍ക്കിടയില്‍ കടുത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള പരിശ്രമത്തിലാണ് സംഘ പരിവാരം. രാഷ്ട്രീയ ചര്‍ച്ചകള്‍ ഗോവധ നിരോധനത്തിലും, രാജ്യസ്‌നേഹ/ ദ്രോഹ ദ്വന്ദ ചര്‍ച്ചകളിലും തളച്ചിടാനുള്ള കുത്സിത ശ്രമങ്ങളെ തിരിച്ചറിയുകയും ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ബഹു ഭൂരിപക്ഷത്തിന്റെ ജീവിതം ദുസ്സഹമാക്കി തീര്‍ക്കുന്ന നവലിബറല്‍ നയങ്ങള്‍ തന്നെയാണ്, രണ്ടാം യു.പി.എ സര്‍ക്കാരിനെ പോലെ തന്നെ ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരും പിന്തുടരുന്നത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കര്‍ഷകസമരങ്ങള്‍, ഇതേ നവലിബറല്‍ നയങ്ങള്‍ മൂലം കാര്‍ഷിക മേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയുടെ സൂചനകളാണ്. ഈ നയങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളെ വിഭജിക്കുവാനും തകര്‍ക്കുവാനുമാണ് മത വര്‍ഗ്ഗീയതയെ ഭരണകൂടം കയറഴിച്ചു വിടുന്നത്. അതായത് മത വര്‍ഗ്ഗീയത, നവലിബറല്‍ നയങ്ങളുടെ ഉപോത്പന്നമാണ്. അതു കൊണ്ടു തന്നെ മത വര്‍ഗ്ഗീയതയോടുള്ള ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെടുന്നത്, നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പോരാട്ടങ്ങളിലൂടെ മാത്രമാണ്. അത്തരത്തിലുള്ളൊരു യോജിച്ച പോരാട്ട മുന്നണി കെട്ടിപ്പടുക്കുക എന്ന ചരിത്രപരമായ ദൗത്യം ഇന്ത്യ മഹാരാജ്യത്തെ യുവജനങ്ങൾക്കുണ്ട്.

Top