ജറുസലേം: പ്രോട്ടോക്കോളുകള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നരേന്ദ്രമോദിയെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ നേരിട്ടെത്തും.
ഇന്ന് ഉച്ചതിരിഞ്ഞ് ബെന്‍ ഗുര്‍യോന്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മോദിയെ വരവേല്‍ക്കാന്‍ ഇസ്രയേല്‍ പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു.
ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി വരുന്നത്.
1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കു ആദരാഞ്ജലി അര്‍പ്പിക്കുകയും കൃഷിയിടങ്ങളും മറ്റും സന്ദര്‍ശിക്കുകയും ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്തു സംസാരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനായി തയ്യാറാക്കിയ കിങ് ഡേവിഡ് ഹോട്ടലിലാണ് മോദിക്കായും താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ആയുധകമ്പനി എല്‍ബിറ്റ് സിസ്റ്റംസിന്റെ തലവന്‍ മൈക്കല്‍ ഫെഡര്‍മാന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്.
മോദിക്കായി ചുവപ്പ് പരവതാനി സ്വീകരണവും ഇന്ത്യന്‍ സസ്യാഹാരവും ചായ സല്‍ക്കാരവും ഹോട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. ഹോട്ടലിലെ ബാറിന്റെ പ്രവര്‍ത്തനങ്ങള്‍ മോദിയുടെ വരവു പ്രമാണിച്ച് താല്‍ക്കാലികമായി നിറുത്തിയിരിക്കുകയാണ്.
നെതന്യാഹുവും മോദിയും ജനങ്ങളുമായി ഫെയ്‌സ്ബുക്ക് ലൈവിലോ പെരിസ്‌കോപ് ചാറ്റിലോ സംവദിക്കുമെന്നാണ് സൂചന.
സൈബര്‍ സുരക്ഷ, കൃഷി, ഊര്‍ജം, ജലം, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണ് സുപ്രധാനം.
എഴുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ എത്തുന്നതെന്നും ശക്തമായ പ്രതിരോധ സഹകരണമാണ് ഇന്ത്യയുമായി ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ ചരിത്രപരമായ സന്ദര്‍ശനമെന്നും ഇതു തങ്ങള്‍ മുന്നോട്ടുവച്ച നയങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.