മുംബൈ: സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. നരേന്ദ്രമോദി രാജ്യത്ത് നടത്തിവരുന്നത് ഭിന്നിപ്പിച്ച് ഭരിക്കല്‍ നയമാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ബ്രിട്ടീഷുകാര്‍ 150 വര്‍ഷം ഇന്ത്യ ഭരിച്ചത് ഈ ഭിന്നിപ്പിച്ച് ഭരിക്കൽ നയം ഉപയോഗിച്ചാണ്. ഇപ്പോഴും ഇത് തന്നെയാണ് നടക്കുന്നതെങ്കില്‍ എങ്ങനെയാണ് ഇതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കുകയെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.
ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമമാണ് കുറച്ച് നാളുകളായി നടക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളില്‍ പലരുടെയും സംഭാവന നിഷേധിക്കപ്പെട്ടു. ചിലര്‍ നിരന്തരം പരിഹസിക്കപ്പെട്ടു, ഒരു സംഭാവനയും നല്‍കാത്തവര്‍ പ്രശംസകൊണ്ട് മൂടപ്പെട്ടുവെന്നും ഉദ്ധവ് പറഞ്ഞു.
‘ഒട്ടേറെ നേതാക്കളും വിപ്ലവകാരികളും സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചു. എല്ലാവരുടെയും ത്യാഗങ്ങളുടെ ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്രം ആസ്വദിക്കാന്‍ കഴിയുന്നത്. എന്നാല്‍ ചില സ്വാതന്ത്ര്യസമരസേനാനികളുടെ സംഭാവനകളെ ഇല്ലാതാക്കുകയും ചിലരെ അപകീര്‍ത്തിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഒരു സംഭാവനയും നല്‍കാത്തവരെ ചേര്‍ത്ത് പുതിയ ചരിത്രമെഴുതാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടക്കുന്നത്’. ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.