ആസിഫയുടെ കൊലപാതകം: പ്രതികരിക്കാതെ പ്രധാനമന്ത്രി, പ്രതിഷേധം ശക്തം

കത്തുവ: ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്ന മൗനമാണ് രാജ്യത്തെ ഞെട്ടിക്കുന്നത്.

പിഡിപിയുമായി ചേര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് കശ്മീര്‍. എന്നിട്ടും ഇതുവരെ വിഷയത്തില്‍ ഒരു പ്രതികരണവും പ്രധാനമന്ത്രി നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. വിരലിലെണ്ണാവുന്ന ബിജെപി നേതാക്കള്‍ മാത്രമാണ് ഇതുവരെ പ്രതികരിച്ചത്.

ഇത്തരം മൃഗീയമായ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കുന്നതിന് എങ്ങനെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇതാദ്യമായല്ല, രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളില്‍ മോദി മൗനം പാലിക്കുന്നത്.

കഴിഞ്ഞ ജനുവരി 10നാണ് വീടിനുസമീപത്തു നിന്നും ആസിഫയെ കാണാതാകുന്നത്. ഏഴ് ദിവസത്തിന് ശേഷമാണ് വനപ്രദേശത്തു നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര്‍ ചേര്‍ന്നാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി പിച്ചിച്ചീന്തി കൊലപ്പെടുത്തിയത്.

Top