അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാറിനും സംഘപരിവാറിനും നിര്‍ണ്ണായകമായ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി നടന്നത് ചിട്ടയായ പ്രവര്‍ത്തനം.
ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായ ഇടപെടല്‍ നടത്തി ആര്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ ഓരോ വീടുകളിലും കയറി ഇറങ്ങി.
ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ കിങ് മേക്കര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ ഈ സഹപ്രവര്‍ത്തകന്‍ തന്നെയാണ് അടുത്ത കാലത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ തേര് തെളിച്ചിരുന്നത്.
രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തിറങ്ങി ഗുജറാത്തില്‍ തമ്പടിച്ച് പരമ്പരാഗതമായി ബി.ജെ.പിക്ക് വോട്ട് ചെയ്ത് വന്നിരുന്ന പട്ടേദാര്‍ വിഭാഗത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേലിനെയും കൂടാതെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെയും, ആദിവാസി നേതാവ് അല്‍പേഷ് താക്കൂറിനെയും സ്വന്തം പാളയത്തിലെത്തിച്ചപ്പോഴും അമിത് ഷാ കുലുങ്ങിയില്ല.
പാര്‍ട്ടിയുടെ തുറുപ്പുചീട്ടായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രചരണത്തിനിറക്കിയാണ് അദ്ദേഹം രാഹുലിന് മറുപടി നല്‍കിയത്.
തുടര്‍ച്ചയായി 22 വര്‍ഷം ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്ക് സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ഭരണ വിരുദ്ധ വികാരം കൂടി കണക്കിലെടുത്തായിരുന്നു പ്രചരണങ്ങള്‍ കാവിപ്പട ആസൂത്രണം ചെയ്തിരുന്നത്.
ജി.എസ്.ടിയില്‍ ഇളവ് വരുത്തിയതും അവസാന നിമിഷം ഗുണം ചെയ്തു.
മോദിയുടെ പൊതു സമ്മേളനങ്ങള്‍ക്ക് ആളില്ല എന്ന രൂപത്തില്‍ ദേശീയ ചാനല്‍ വഴി പുറത്തുവിട്ട പ്രചരണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാന്‍ അമിത് ഷാ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.
ഗുജറാത്തിലെ ഏറ്റവും ജനകീയനായ നേതാവ് ഇപ്പോഴും മോദിയാണെന്ന് തെളിയിക്കുന്നതാണ് ഒറ്റക്കുള്ള ഈ ആധികാരിക വിജയം.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്ത്രപ്രധാനമായ ആഭ്യന്തരമന്ത്രിപദം കൈകാര്യം ചെയ്തിരുന്ന വിശ്വസ്തനായ അമിത് ഷാ മോദിക്ക് നല്‍കിയ വാക്കാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ ആറാംവട്ടവും പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നായിരുന്നു അമിത് ഷാ, മോദിയോട് പറഞ്ഞിരുന്നത്. മോദിയുടെ സാന്നിധ്യം മാത്രമാണ് അദ്ദേഹം ഗുജറാത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നത്.
41 റാലികളാണ് മോദിയെ അണിനിരത്തി അമിത് ഷാ സംഘടിപ്പിച്ചത്.
തന്ത്രപരമായ ഈ നീക്കമാണ് വലിയ വെല്ലുവിളികള്‍ക്കിടയിലും ഭരണ തുടര്‍ച്ച ബി.ജെ.പിക്ക് സാധ്യമാക്കിയത്.
ഗുജറാത്തിന്റെ തിരക്കിനിടയിലും ഹിമാചലില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും, ഇപ്പോള്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞതും ബിജെപി നേതൃത്വത്തെ സംബന്ധിച്ച് വന്‍ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്.
ഇനി 2018ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളാണ് അമിത് ഷായ്ക്ക് മുന്നിലുള്ള കടമ്പ.
മോദിയുടെ സാന്നിധ്യവും ആര്‍.എസ്.എസിന്റെ സംഘടനാ സംവിധാനവുമുണ്ടെങ്കില്‍ ഈ സംസ്ഥാനങ്ങളിലും വിജയിക്കാന്‍ പറ്റുമെന്നും കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നുമാണ് അമിത് ഷായുടെ ആത്മവിശ്വാസം.