Modi’s war-against- black money-Filmstars-trapped

മുംബൈ: അപ്രതീക്ഷിതമായ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കുരുങ്ങി സൂപ്പര്‍ താരങ്ങളും.

കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ 1000,500 രൂപ നോട്ടുകള്‍ അസാധുവായതോടെ പരക്കം പായുകയാണെന്നാണ് ബോളിവുഡ്-കോളിവുഡ്-ടോളിവുഡ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്‍തുണച്ച് അമിതാഭ്ബച്ചനും, കമലഹാസനും നഗാര്‍ജ്ജുനയുമെല്ലാം രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഭൂരിപക്ഷം താരങ്ങളുടേയും സ്ഥിതി അതല്ല.

ഓരോ സിനിമയിലെയും അഭിനയത്തിന് പുറത്ത് പറയുന്ന കണക്കിന്റെ പലമടങ്ങ് ഇരട്ടി പ്രതിഫലമാണ് എല്ലാ സൂപ്പര്‍ താരങ്ങളും വാങ്ങുന്നത്.

ഇന്‍കംടാക്‌സ് പിടിവീഴാതിരിക്കാന്‍ ഓവര്‍സീസ് രൂപത്തിലും പ്രതിഫലം പറ്റുന്നുണ്ട്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവരും ഇതേപാത പിന്‍തുടരുന്നവരാണ്.

പുറത്ത് പറയുന്നതിലും എത്രയോ ഇരട്ടി പ്രതിഫലമാണ് ഓരോ സിനിമക്കും സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നത്.

ഓവര്‍സീസ് റൈറ്റ് ഇനത്തില്‍ വാങ്ങുന്ന തുകക്ക് ഇന്‍കംടാക്‌സ് പ്രശ്‌നമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല.

എന്നാല്‍ പ്രതിഫല തുകയില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ കറന്‍സിയായി വാങ്ങിയതാണ് ഇപ്പോള്‍ പലര്‍ക്കും കുരുക്കായിരിക്കുന്നത്.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും മറ്റും വന്‍തുക നിക്ഷേപിച്ച് പങ്കാളികളായ താരങ്ങളും വെട്ടിലായിരിക്കുകയാണ്. ഇവരില്‍ മിക്കവരും തങ്ങള്‍ ബ്രാന്‍ഡ് അബാസിഡര്‍മാരായ വ്യവസായ സ്ഥാപനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിച്ചിരിക്കുന്നത്.

സിനിമാ തിരക്കഥയെ വെല്ലുന്ന ‘തിരക്കഥ’കളാണ് ഇവിടെ അരങ്ങേറുന്നത്.

രാജ്യത്തെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കും വന്‍ കള്ളപ്പണ ശേഖരമുണ്ടെന്നാണ് ഇന്‍കംടാക്‌സ്- എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ നിഗമനം.

ഇടക്ക് നടത്തുന്ന റെയ്ഡുകളില്‍ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്താറുണ്ടെന്നതിനാല്‍ നിലവില്‍ ഇടനിലക്കാര്‍ വഴിയാണ് മിക്ക താരങ്ങളും പണമിടപാട് നടത്തുന്നത്. ബിസിനസ്സില്‍ ഇന്‍വെസ്റ്റ് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.

പുതിയ സിനിമയുടെ ഭാഗമായി ലഭിച്ച കോടികള്‍ വകമാറ്റുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രഹരം വന്നതും ഒരുവിഭാഗം താരങ്ങള്‍ക്ക് നിലവില്‍ തിരിച്ചടിയായിരിക്കുകയാണ്.

പ്രതിസന്ധിയില്‍ നിന്നും തലയൂരാന്‍ ഇനി സിനിമയുടെ പ്രതിഫലം കൂട്ടിക്കാണിച്ചാല്‍ ഭാവിയില്‍ അത് പുലിവാലാകുമെന്ന ഭീതിയും താരങ്ങള്‍ക്കുണ്ട്.

കാരണം ഓരോ സിനിമക്കും പ്രതിഫലത്തുക മാറ്റിക്കാണിച്ചാല്‍ അത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിക്കണമെന്നില്ല.

താരങ്ങള്‍ക്ക് പുറമെ പ്രമുഖ നിര്‍മ്മാതാക്കളും സംവിധായകരുമെല്ലാം കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്.

അതേസമയം ഉത്തര്‍പ്രദേശില്‍ റോഡരികില്‍ 1000,500 രൂപകളുടെ കറന്‍സികള്‍ ചാക്കിലാക്കി കത്തിച്ച സംഭവത്തിന്റെ ആവര്‍ത്തനം പലയിടത്തും ഇനി ആവര്‍ത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് റിസര്‍വ്വ് ബാങ്ക് അധികൃതര്‍.

Top