ന്യൂഡല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ ഭരണത്തിന്റെ വിലയിരുത്തലിന്റെ ഭാഗമായി ലോകത്തെ മൂന്നാമത്തെ വലിയ ഏവിയേഷന്‍ വിപണിയായി ഇന്ത്യ മാറി. രാജ്യത്ത് ഏറ്റവും എളുപ്പം വളര്‍ച്ച പ്രാപിക്കുന്ന വ്യവസായങ്ങളില്‍ ഒന്നാണ് സിവില്‍ ഏവിയേഷന്‍.
2016 ഒക്ടോബര്‍ 21നാണ് പ്രാദേശികമായി വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി ഉഡാന്‍ പദ്ധതിക്ക് രൂപം നല്‍കുന്നത്. ചെറിയ നഗരങ്ങള്‍, മലമ്പ്രദേശങ്ങള്‍, എന്നിവിടങ്ങളിലേക്ക് താങ്ങാവുന്ന ചിലവില്‍ വിമാന സര്‍വീസ് ആരംഭിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വന്‍ വിജയമായിരുന്നു.
ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 18-20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് വിമാനയാത്രയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാള്‍ യാത്രക്കാരാണ് വിമാനയാത്രയെ ആശ്രയിക്കുന്നത്.
ഉഡാന്‍ പദ്ധതി ആരംഭിച്ചതോടെ ഭോപ്പാല്‍, ഇന്‍ഡോര്‍, റായ്പ്പൂര്‍ ആഭ്യന്തര വിമാനത്താവളങ്ങള്‍ രാജ്യാന്തര വിമാനത്താവളങ്ങളായി മാറ്റിയിരുന്നു. കൂടാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.