മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡില്‍

ആലുവ: മോഫിയ പര്‍വീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാന്‍ഡ് ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

മോഫിയ പര്‍വീന്‍ മരിച്ച വിവരം പുറത്ത് വന്നതോടെ കോതമംഗലത്തെ വീടും പൂട്ടി ഇവര്‍ ഒളിവില്‍ പോയിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചയോടെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പ്രതികള്‍ കോതമംഗലത്ത് ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മോഫിയ പര്‍വീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് സിഐക്ക് അനുകൂലമായിരുന്നു. സിഐ സിഎല്‍ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ചയുണ്ടായി. യുവതി ഭര്‍ത്താവിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചപ്പോള്‍ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

 

Top