കൊച്ചി: നിയമ വിദ്യാർത്ഥിനിയായിരുന്ന മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഇൻസ്പെക്ടർ സിഎൽ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലപ്പുഴയിലാണ് നിയമനം. ഇതിനിടെ പൊതു പണിമുടക്ക് ദിവസം കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഐഎം നേതാവിനെ അറസ്റ്റ് ചെയ്ത ഇൻസ്പെക്ടറെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി. 32 പേരുടെ സ്ഥലംമാറ്റ പട്ടികയാണ് പുറത്ത് വന്നത്.
ഭർതൃപീഡനത്തെ തുടർന്ന് ആലുവ സ്വദേശിനിയായ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സി എൽ സുധീറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. സുധീറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ് മൊഫിയയുടെ മരണത്തിന് കാരണമെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധവും ആലുവയിലുണ്ടായി. ഏതാനും മാസങ്ങളായി സസ്പെൻഷനിലായിരുന്ന സി എൽ സുധീർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 32 പേരുടെ സ്ഥലംമാറ്റ പട്ടികയിലാണ് ഇടം പിടിച്ചത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി ഐ ആയിരുന്ന സുധീറിനെ ആലപ്പുഴ അർത്തുങ്കൽ സ്റ്റേഷനിലാണ് നിയമിച്ചത്.