സിഐ ഇന്നും ഡ്യൂട്ടിക്കെത്തി, മോഫിയക്ക് നീതി ലഭിക്കണം; കുത്തിയിരിപ്പ് സമരവുമായി അന്‍വര്‍ സാദത്ത്

എറണാകുളം: ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവവധു മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐ സുധീറിനെതിരെ ചുമതലകളില്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിന്റെ പ്രതിഷേധം. ആലുവ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നാണ് എംഎല്‍എയുടെ പ്രതിഷേധം. സിഐക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എംഎല്‍എ പറഞ്ഞു.

വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും, ആരോപണവിധേയനായ സിഐയെ ഇതുവരെ സ്റ്റേഷന്‍ ചാര്‍ജില്‍ നിന്നും മാറ്റിയിട്ടില്ല. സിഐ സുധീര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. സിഐയെ കൃത്യമായി ആരോ സംരക്ഷിക്കുന്നുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഇത്തരക്കരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതുകൊണ്ടാണ് പൊലീസില്‍ ഇതുപൊലെ പുഴുക്കുത്തുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷന്റേത് മുതലക്കണ്ണീര്‍ ആണെന്നും എംഎല്‍എ ആരോപിച്ചു.

മോഫിയയുടെ ആത്മഹത്യ കുറിപ്പില്‍ സിഐയുടെ പേരുണ്ടായിരുന്നു. അതിനിടെ മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു. സിഐക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു

Top