മോഫിയയുടെ ആത്മഹത്യ; എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി മോഫിയാ പര്‍വ്വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് എടുക്കുന്നതില്‍ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സി എല്‍ സുധീര്‍ കേസ് എടുത്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തല്‍. സിഐ സുധീര്‍ മകളെ നീ മാനസിക രോഗിയല്ലേ എന്ന് വിളിച്ച് അപമാനിച്ചെന്ന ഗുരുതര ആരോപണവുമായി അമ്മ പ്യാരിയും രംഗത്ത് വന്നിട്ടുണ്ട്.

ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെയും മാതാപിതാക്കളുടെ പീഡനത്തിനെതിരെ ഒക്ടോബര്‍ 29 ന് മൊഫിയ പര്‍വീണ്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണെന്നാണ് ഡിഐജി നീരജ് കുമാര്‍ ഗുപ്ത നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.

ആലുവ എസ്പിയ്ക്ക് ലഭിച്ച പരാതി ഒക്ടോബര്‍ 29ന് തുടര്‍ നപടികള്‍ക്കായി ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിന് കൈമാറി. സുധീര്‍ കേസിലെ തുടര്‍ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. എന്നാല്‍ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ മേല്‍നോട്ടം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top