എറണാകുളം: ആലുവയില്‍ നവവധു മോഫിയ പര്‍വീന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് കക്കാട്ട് ദില്‍ഷാദ്. വരന്റെ വീട്ടുകാര്‍ക്കെതിരെ ഒരു മാസം മുമ്പെ പരാതി നല്‍കിയെങ്കിലും പൊലീസ് സ്വീകരിച്ചില്ലെന്നും സി.ഐ തന്നെയും മകളെയും തെറിവിളിച്ചതായും ആത്മഹത്യ ചെയ്ത മോഫിയയുടെ പിതാവ് ആരോപിച്ചു.
”ശാരീരികമായും മാനസികമായും വരന്റെ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു. വരന്‍ സുഹൈല്‍ പലപ്പോഴായി മോശമായി പെരുമാറിയപ്പോള്‍ കൗണ്‍സിലിങ്ങിലൂടെ മാറ്റാമെന്ന് മോള് പറഞ്ഞതിനാലാണ് ബന്ധം തുടര്‍ന്നത്. പ്രണയ വിവാഹമായിരുന്നു ഇത്. കല്യാണം കഴിഞ്ഞതിനുപിന്നാലെ സ്ത്രീധനം ചോദിച്ച് പലതവണ അവര്‍ വന്നു. പക്ഷേ, ഞങ്ങള്‍ കൊടുത്തിരുന്നില്ല. അക്രമം തുടര്‍ന്നപ്പോള്‍ ഗാഹിക പീഡന പരാതി നല്‍കി. പ്രശ്‌നം തീര്‍ക്കാന്‍ ആലുവ എസ്.ഐ വിളിച്ചതോടെയാണ് ഞാനും മോളും സ്‌റ്റേഷനില്‍ എത്തിയത്. സി.ഐ മുറിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചു. തുടക്കം മുതലെ മോശമായാണ് അയാള്‍ പെരുമാറിയത്. താനൊക്കെ ഒരു തന്തയാണോടാ എന്ന് എന്നോട് ചോദിച്ചു. മോളെകുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതോടെ അവള്‍ സുഹൈലിന്റെ മുഖത്തടിച്ചു. പിന്നാലെ വരനും മാതാപിതാക്കളും ചേര്‍ന്ന് മോളെ അടിക്കാനും ഒരുങ്ങി. പൊലീസുകാര്‍ ഇടപെട്ട് പിടിച്ചുവെച്ചു. പരാതിക്കാരായ ഞങ്ങളെ പൊലീസ് കേട്ടില്ല. ഒരു പ്രാദേശിക രാഷ്ട്രീയക്കാരനും അവര്‍ക്കൊപ്പമുണ്ടായിരുന്നു”- പിതാവ് പറഞ്ഞു.
ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.