ആലുവ: ഭര്‍ത്തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥി മൊഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റൂറല്‍ എസ്.പിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡയിലെടുത്തത്.
അല്‍ ഹസ്സര്‍ കോളേജില്‍ മൊഫിയയുടെ സഹപാഠികളായ 17 നിയമവിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്.പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ആണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
എന്നാല്‍ എസ്.പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനലാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാര്‍ത്ഥികള്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് പൊലീസ് തടഞ്ഞു. പിന്നീട് എസ്.പിയെ നേരില്‍ കണ്ട് പരാതി നല്‍കണം എന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ 17 പേരെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു.
എന്നാല്‍ ഇവര്‍ എസ്.പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോള്‍ അറസ്റ്റ് ചെയ്തു നീക്കിയെന്നാണ് പൊലീസ് അറിയിച്ചത്. മൊഫിയ പര്‍വീണിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന മുന്‍ ആലുവ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.