മൊഗാദിഷു സ്ഫോടനം: മരിച്ചവരുടെ എണ്ണം 276 ആയി, മുന്നൂറിലധികം പേര്‍ക്ക് പരിക്ക്

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 276 ആയി.

മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് അബ്ദുള്ളാഹി ഫര്‍മാജോ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതാശ്വാസത്തിനായി ജനങ്ങള്‍ പണവും രക്തവും ദാനം ചെയ്യാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

2007-ല്‍ രാജ്യത്ത് തീവ്രവാദം ശക്തമായശേഷം നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. വിദേശ മന്ത്രാലയമടക്കം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജനത്തിരക്കേറിയ മേഖലയിലെ സഫാരി ഹോട്ടലിനു മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ലോറി പൊട്ടിത്തെറിച്ചായിരുന്നു ആദ്യ ആക്രമണം.

മൊഗാദിഷുവിലെ മെദീന ഡിസ്ട്രിക്ടിലായിരുന്നു രണ്ടു മണിക്കൂറിനുശേഷം രണ്ടാമത്തെ സ്ഫോടനം.

അല്‍ക്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അല്‍ഷബാബ് ഭീകര സംഘടന അറിയിച്ചിട്ടില്ല.

 

Top