പൊരുതുന്ന വിപ്ലവ യുവജനപ്രസ്ഥാനത്തിന് 37 വയസ്സ്.
പോർ നിലങ്ങളിൽ ചോരകൊണ്ട് നിരവധി സമര ചരിത്രങ്ങളെഴുതിയ ഡി.വൈ.എഫ്.ഐയെ കുറിച്ച് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.മുഹമ്മദ് റിയാസ് . .
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
DYFI പ്രതീക്ഷയാണ്….
സമാനതകളില്ലാത്ത സമരത്തിന്റെയും,
സഹനത്തിന്റെയും,
ചരിത്രമെഴുതിക്കൊണ്ട് ഡി.വൈ. എഫ്. ഐ ഇന്നേക്ക് മുപ്പത്തേഴ് സംവത്സരങ്ങൾ പിന്നിടുകയാണ്.
ബ്രിട്ടീഷ് സാമാജ്യത്വത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച
അനശ്വര രക്തസാക്ഷി ഭഗത് സിംഗിന്റെ ഓർമ്മകൾ ഇരമ്പുന്ന പഞ്ചാബിലെ ലുധിയാനയിൽ 1980 ൽ നവംബർ 3 നാണ് ഡി.വൈ. എഫ്. ഐ രൂപീകരിച്ചത്.
സാമ്രാജ്യത്വ വിരുദ്ധതയാലും,
ജനാധിപത്യ – സോഷ്യലിസ്റ്റ് മൂല്യങ്ങളാലും പ്രചോദിതമായ പ്രവർത്തന പന്ഥാവിലൂടെത്തന്നെയാണ് നിരവധി വെല്ലുകൾക്കിടയിലും ഈ യുവജനപ്രസ്ഥാനം സജീവമായി സഞ്ചരിക്കുന്നത്.
ആ പ്രവർത്തനങ്ങൾ കൂടുതൽ പ്രസക്തവും അനിവാര്യവുമായ ഒരു സാമൂഹ്യ-രാഷ്ട്രീയ പരിസരത്തിലാണ് ഒരു പിറവി ദിനം കൂടി വന്നെത്തുന്നത്.
ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയ ശക്തികളുടെയും വലതുപക്ഷ ഭരണകൂടത്തിന്റെയും മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനിടയിൽ,
കർമ്മധീരരായ നിരവധി സഖാക്കളെയാണ്
രാജ്യത്തുടനീളം ഡി.വൈ.എഫ് ഐ ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.
ഇന്ന് നാം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും വിധം ധീരന്മാരായ ആ രക്തസാക്ഷികളുടെ ഓർമ്മകൾ പുതുക്കേണ്ട ദിവസം കൂടിയാണിന്ന്.
സമയോചിതമായി ഇടപെട്ടുകൊണ്ട് വ്യത്യസ്ത തുറകളിലുള്ള വ്യക്തികളെയും
യുവജന കൂട്ടായ്മകളെയും സംഘടനകളെയും ഡി,വൈ.എഫ് ഐ എന്ന ഈമഹാപ്രസ്ഥാനത്തോട് കണ്ണി ചേര്ക്കാനാണ് നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
സർഗ്ഗാത്മകമായ ഈസമര പ്രവർത്തങ്ങൾക്കിടയിൽ,കുപ്രചരണങ്ങളും കായികമായ അക്രമങ്ങളുംകൊണ്ട് പ്രസ്ഥാനത്തെയും അതിന്റെപ്രവർത്തകരെയും ദുർബലപ്പെടുത്താനുള്ള വലതുപക്ഷത്തിന്റെ ഏത് ശ്രമങ്ങളെയും നാം ഒരുമിച്ചുചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. അതിന് എല്ലാ പ്രവർത്തകരും കൂടുതൽ സജ്ജമാകുന്ന ദിനമാകട്ടെ ഇന്ന്.
എല്ലാ വിധസാമൂഹ്യ അസമത്വങ്ങൾക്കും എതിരെ നമുക്ക് ഒരുമിച്ച് പോരാടാം.
സോഷ്യലിസമാണ് ഭാവി,
ഭാവി നമ്മുടേത്…..
-പി. എ. മുഹമ്മദ് റിയാസ്-