ഇസ്ലാമാബാദ്: ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് കൊവിഡ് തുടങ്ങിയതില്‍ പിന്നെ പാക് താരങ്ങളെത്തുന്നത്. ഒരു കാലത്ത് പാക് ടീമിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്ന മുഹമ്മദ് ആസിഫാണ് പുതുതായി വെളിപ്പെടുത്തലുമായെത്തിയിരിക്കുന്നത്.
മികച്ച സ്വിങ് ബൗളറെന്ന നിലയില്‍ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ നേടിയ ആസിഫിന് ഒത്തുകളിയെ തുടര്‍ന്ന് വിലക്ക് ലഭിക്കുകയായിരുന്നു. തനിക്കു മുമ്പും ശേഷവും ഒത്തുകളിച്ച താരങ്ങള്‍ ടീമിലുണ്ടായിരുന്നുവെന്ന് ആസിഫ് പറയുന്നു. അതില്‍ ചിലര്‍ ഇപ്പോഴും പാക് ക്രിക്കറ്റ് ബോര്‍ഡിലുമുണ്ട്. ചിലര്‍ ടീമിലും. രാജ്യത്തിനായി കളിക്കാന്‍ പലര്‍ക്കും രണ്ടാമത് അവസരം ലഭിച്ചപ്പോള്‍ തനിക്ക് ആ ഭാഗ്യം ഉണ്ടായില്ലെന്നും ആസിഫ് വ്യക്തമാക്കി.
തന്റെ കാര്യത്തില്‍ പി.സി.ബി യാതൊരു താത്പര്യവും കാട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. 2005ലാണ് ആസിഫ് ക്രിക്കറ്റ് ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പാകിസ്ഥാന് ഏറെ പ്രതീക്ഷ നല്‍കിയ ബൗളറായിരുന്നു ആസിഫ്. എന്നാല്‍ കരിയറിന് അഞ്ചു വര്‍ഷത്തെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.