മലപ്പുറം: നോട്ടു പിന്‍വലിക്കലില്‍ പ്രതിപക്ഷ ആക്രമണം നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് കാഷ്‌ലസ് ഗ്രാമങ്ങളുമായി മുസ്ലീംലീഗ് എം.പിമാരായ പി.വി അബ്ദുല്‍വഹാബും ഇ.ടി മുഹമ്മദ് ബഷീറും.
നോട്ട് നിരോധനത്തില്‍ സമരം നടത്താതെ മോദിയെ പിന്തുണക്കുന്ന എം.പിമാരുടെ പ്രവര്‍ത്തനം ലീഗ് നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. കാഷ്‌ലസ് ഗ്രാമം പദ്ധതി നടപ്പാക്കിയത് പ്രധാനമന്ത്രിയെ അറിയിച്ച് ഗുഡ് ബുക്കില്‍ കയറിക്കൂടാനുള്ള ശ്രമമാണ് എം.പിമാരുടേത്.
നിലമ്പൂര്‍ കരുളായിയിലെ നെടുങ്കയം ആദിവാസി കോളനിയെ രാജ്യത്തെ ആദ്യത്തെ കാഷ്‌ലസ് കോളനിയായാണ് പ്രഖ്യാപിച്ചത്. ലീഗിന്റെ രാജ്യസഭാ എം.പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള ജന്‍ശിക്ഷണ്‍ സന്‍സ്ഥാനിന്റെയും ആദര്‍ശ് ഗ്രാമം പദ്ധതിയുടെയും ഭാഗമായിരുന്നു പ്രഖ്യാപനം.
മുസ്ലീംലീഗ് ദേശീയ സെക്രട്ടറികൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആദര്‍ശ് ഗ്രാമം പദ്ധതി വഴി നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് ഗ്രാമത്തെയാണ് കാഷ്‌ലസാക്കിയത്.
നെടുങ്കയം ആദിവാസി കോളനിയില്‍ ഭൂരിപക്ഷം പേര്‍ക്കും തൊഴിലും മൊബൈല്‍ ഫോണ്‍പോലുമില്ലാതെ കാഷ്‌ലസ് ഗ്രാമമാക്കിയതിലെ തട്ടിപ്പ് ഉദ്ഘാടന സമയത്തുതന്നെ ചര്‍ച്ചയായിരുന്നു. കുടിവെള്ളവും വീടും തൊഴിലുമാണ് വേണ്ടതെന്നാണ് ആദിവാസികള്‍ പറയുന്നത്.
കള്ളപ്പണം തടയാനെന്ന പേരില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തില്‍ മാത്രം കള്ളപ്പണം തടയാനായില്ലെന്നു വ്യക്തമായതോടെയാണ് കാഷ്‌ലസാക്കാനുള്ള നീക്കമെന്ന പുതിയ തന്ത്രം മോദി പയറ്റിയത്. ഇതിനെ പിന്തുണച്ച് മുസ്‌ലിം ലീഗിന്റെ ദേശീയ സെക്രട്ടറിയടക്കമുള്ള ലീഗ് എം.പിമാര്‍ കാഷ്‌ലസ് ഗ്രാമം പദ്ധതി നടപ്പാക്കിയത് ദേശീയതലത്തില്‍ തന്നെ പ്രചരണായുധമാക്കാനൊരുങ്ങുകയാണ് സംഘപരിവാറും ബിജെപിയും.