ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം മൊഹമ്മദ് കൈഫ്. 37 വയസുള്ള താരം ഇന്ത്യക്ക് വേണ്ടി 13 ടെസ്റ്റ് മത്സരങ്ങളും 125 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീം ജേതാക്കളായ 2000ല്‍ നടന്ന അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യയെ അദ്ദേഹമാണ് നയിച്ചത്. ആ ടൂര്‍ണമെന്റോടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടംനേടുകയും ചെയ്യുകയായിരുന്നു.
ആക്രമിച്ചുകളിക്കാനും, പ്രതിരോധിച്ചുകളിക്കാനും പ്രാവീണ്യമുള്ള കൈഫ് അക്കാലത്ത് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. ഫീല്‍ഡില്‍, യുവരാജ് സിങ് മൊഹമ്മദ് കൈഫ് ദ്വയങ്ങളായിരുന്നു അക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച കവര്‍ ഫീല്‍ഡര്‍മാര്‍.
ഇന്ത്യന്‍ ടീമുമായുള്ള 16 വര്‍ഷത്തെ ബന്ധമാണ് തനിക്കുള്ളത്. ഇത്രയും നാളുകള്‍ ടീമില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും കൈഫ് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്ന മൊഹമ്മദ് കൈഫ് നല്ലൊരു ക്രിക്കറ്റ് വിശകലന വിദഗ്ധനും ഹിന്ദി കമന്റേറ്ററും കൂടിയാണ്.