റോഡുകള്‍ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി കുത്തിപ്പൊളിക്കുന്നത് തടയുമെന്ന് മുഹമ്മദ് റിയാസ്

കണ്ണൂര്‍: സംസ്ഥാനത്തെ ജനങ്ങളും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പിഡബ്ല്യുഡിയുടെ സ്ഥലത്തുള്ള കയ്യേറ്റങ്ങള്‍ തടയും. മുഴുവന്‍ കയ്യേറ്റങ്ങളുടെയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്‍ട്രോള്‍ റൂമിനെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സംവിധാനം നിലവില്‍ വന്നു. ഒരു വ്യക്തി പരാതി നല്‍കിയാലും പൊതു വിഷയങ്ങളാണെങ്കില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകും. റോഡുകള്‍ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കും. സൈറ്റ് ഇന്‍സ്‌പെക്ഷന്‍ ശക്തിപ്പെടുത്തും. ഇത് പ്രവൃത്തിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാകും.

ഉദ്യോഗസ്ഥരില്‍ അപൂര്‍വ്വം ചിലര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി യോജിച്ച് നീങ്ങുന്നില്ല. അവര്‍ക്ക് മുന്നറിയിപ്പും നല്‍കി. കരാറുകാരുടെ ഭാഗത്തു നിന്നും ചില വീഴ്ചകള്‍ ഉണ്ട്. വര്‍ക്കുകളില്‍ അനാസ്ഥ കാട്ടുന്നവരെ പൂര്‍ണ്ണമായും ഒഴിവാക്കും. ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഓരോ പഞ്ചായത്തുകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തും.

കണ്ണൂരിലെ ഗതാഗതക്കുരുക്ക് വലീയ പ്രശ്‌നമാണ്. ഇത്രയും ഗതാഗതകുരുക്ക് ഒരു ജില്ലാ ആസ്ഥാനത്തും ഇപ്പോഴില്ല. കുരുക്കഴിക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ എല്ലാം വേഗത്തിലാക്കും. മലബാറിന്റെ അനന്തമായ ടൂറിസ്റ്റ് സാധ്യതകളെ ഉപയോഗപ്പെടുത്തും. മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേക ശ്രദ്ധ ഉണ്ടാകും. മെഗാ ഇവന്റ് അടക്കം ഇതിനായി നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

Top