അമ്പാട്ടി റായുഡു വീണ്ടും വിവാദക്കുരുക്കില്‍; വൈറലായി ട്വീറ്റ്

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വീണ്ടും വിവാദക്കുരുക്കില്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍ പ്രസിഡന്റായ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ (എച്ച്‌സിഎ) വ്യാപക അഴിമതിയാണെന്ന് ട്വീറ്റ് ചെയ്താണ് റായുഡു വിവാദ പരാമര്‍ശം നടത്തിയത്. അഴിമതികള്‍ അവസാനിപ്പിക്കാന്‍ മന്ത്രി കെ.ടി രാമറാവുവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് റായുഡുവിന്റെ ട്വീറ്റ്.

‘പ്രിയ മന്ത്രി, എച്ച്‌സിഎയുമായി ബന്ധപ്പെട്ട് നടക്കുന്ന കണക്കറ്റ അഴിമതികളിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. നമ്മുടെ സ്വന്തം ക്രിക്കറ്റ് ടീം പണത്തിലും അഴിമതിയിലും മുങ്ങിക്കിടക്കുമ്പോള്‍ എങ്ങനെയാണ് ഹൈദരാബാദ് മഹത്തായൊരു നഗരമാകുന്നത്? അസോസിയേഷനിലെ ഒരുപറ്റം ആളുകള്‍ക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ കേസുകളുണ്ട്. അവയെല്ലാം മറയ്ക്കപ്പെട്ടിരിക്കുകയാണ്’ റായുഡു ട്വീറ്റ് ചെയ്തു.

ആരോപണം ഉന്നയിച്ചതിനു പിന്നാലെ അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍നിന്നു റായുഡു പിന്‍മാറുകയും ചെയ്തു. അതേസമയം, റായുഡുവിന്റെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എച്ച്‌സിഎ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ രംഗത്തെത്തുകയും ചെ്തിരുന്നു. റായുഡു അസംതൃപ്തനായ ക്രിക്കറ്റ് താരമാണെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രതികരണം.

എന്നാല്‍, തന്റെ ആരോപണങ്ങളെ വ്യക്തിപരമായി കാണേണ്ടതില്ലെന്ന് വ്യക്തമാക്കി റായുഡു ഇന്നു വീണ്ടും ട്വീറ്റ് ചെയ്തു. മുഹമ്മദ് അഹ്‌സറുദ്ദീനെ ടാഗ് ചെയ്താണ് റായുഡുവിന്റെ ഏറ്റവും പുതിയ ട്വീറ്റ്.

‘ഹായ്, ഈ വിഷയത്തെ നമുക്ക് വ്യക്തിപരമായി കാണേണ്ട. ഈ വിഷയം നമ്മള്‍ ചില വ്യക്തികളേക്കാള്‍ എത്രയോ വലുതാണ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ എന്താണ് നടക്കുന്നതെന്ന് നമുക്ക് രണ്ടു പേര്‍ക്കുമറിയാം. അസോസിയേഷനെ ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണ് താങ്കള്‍ക്കു ലഭിച്ചിരിക്കുന്നത്. അസോസിയേഷനെ നശിപ്പിക്കുന്ന കുബുദ്ധികളില്‍നിന്ന് സ്വയം അകന്നു നില്‍ക്കാന്‍ താങ്കള്‍ തയാറാകണം. അങ്ങനെ വരും തലമുറകളിലെ ഒട്ടേറെ ഭാവി താരങ്ങളെയാകും താങ്കള്‍ രക്ഷിക്കുക’ അസ്ഹറുദ്ദീനെ ടാഗ് ചെയ്ത് റായുഡു കുറിച്ചു.

Top