ദോഹ: അമേരിക്ക – ഇറാന്‍ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ ഇടപെടലുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി . അമേരിക്ക – ഇറാന്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ വിവിധ രാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്നും ഇതിനായി എല്ലാവരും ഒന്നിക്കണമെന്നും വിവിധ ആശയങ്ങളുമായി മുന്നോട്ട് വന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ മുറിഞ്ഞു പോയ ബന്ധം കൂട്ടിയോജിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഖത്തറിനോടൊപ്പം ഒമാന്‍, ഇറാഖ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇരു രാജ്യങ്ങളുമായും സംസാരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്ക – ഇറാന്‍ ബന്ധം താളം തെറ്റിയ അവസ്ഥയിലാണ്. ഇറാന് മേല്‍ അമേരിക്ക സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ചുമത്തിയതും ആണവ കരാറില്‍ നിന്ന് പിന്മാറിയതും ഗള്‍ഫ് മേഖലയിലേക്ക് സൈന്യത്തെ അയച്ചതുമെല്ലാം ബന്ധം വഷളാകുന്നതിന് കാരണമായിരുന്നു.