‘പവനാഴി മുന്‍പും ശവ’മായതാണെന്ന് . . അമിത് ഷായെ ട്രോളി മുഹമ്മദ് റിയാസ് !

mohammad-riaz-amit-shah

തിരുവനന്തപുരം: ശബരിമല വിഷയം ആയുധമാക്കി കേരളത്തിലെ ജനകീയ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ രാഷ്ട്രീയ കേരളം ചെറുക്കുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

അങ്ങനെയൊരു സാഹസം കേന്ദ്രം കാട്ടിയാല്‍ മഹാഭൂരിപക്ഷം സീറ്റുകള്‍ തൂത്തുവാരി ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചുവരും.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനില്‍ നിന്നുണ്ടായിരിക്കുന്നത്. ബി.ജെ.പിയുടെ രഹസ്യ അജണ്ട വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗമെന്നും റിയാസ് ചൂണ്ടിക്കാട്ടി.

DYFI,SFI

‘പവനാഴി നേരത്തെ തന്നെ ശവ’മായതാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയില്‍ മന:പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് നാട്ടില്‍ കലാപം ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കം രാഷ്ട്രീയ കേരളത്തില്‍ വിലപ്പോവില്ലെന്ന് സംഘപരിവാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉഴുതു മറിച്ച് പാകപ്പെടുത്തിയ മണ്ണില്‍ വര്‍ഗ്ഗീയ വിഷവിത്തുകള്‍ മുളക്കില്ലന്നും ഡി.വൈ.എഫ്.ഐ നേതാവ് ഓര്‍മിപ്പിച്ചു.

സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാത്തവരാണ് ഇപ്പോള്‍ കേരള സര്‍ക്കാറിനെതിരെ ആരോപണമുന്നയിക്കുന്നത്. ഉത്തരേന്ത്യയില്‍ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സംഘ പരിവാര്‍ തന്ത്രം കേരളത്തില്‍ നടപ്പാക്കാനാണ് രഥയാത്രയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.

Top