മുംബൈ: അര്‍ജ്ജുന പുരസ്‌കാരത്തിനായി ഒരു വനിതാ താരം അടക്കം നാല് ക്രിക്കറ്റ് താരങ്ങളെ ബിസിസിഐ ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ വനിതാ ടീം അംഗം പൂനം യാദവിന് പുറമെ പുരുഷ ടീം അംഗങ്ങളായ രവീന്ദ്ര ജഡേജ, മുഹമ്മഷ് ഷമി, ജസ്പ്രീത് ബൂമ്ര എന്നിവരെയാണ് ബിസിസിഐ ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ നാല് വർഷം കായിക രംഗത്ത് സ്ഥിരത പുലർത്തണം എന്നതാണ് അർജുന അവാർഡിനുള്ള പ്രധാന മാനദണ്ഡം. കായിക രംഗത്തെ മികവിന് പുറമെ നേതൃപാഠവവും, അച്ചടക്കവുമെല്ലാം അർജുന അവാർഡിനുള്ള മാനദണ്ഡങ്ങളാണ്.
2013ല്‍ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ച പൂനം യാദവ് ഒരു ടെസ്റ്റിലും 41 ഏകദിനത്തിലും 54 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2009ല്‍ ഇന്ത്യക്കായി അരങ്ങേറിയ ജഡേജ 41 ടെസ്റ്റിലും 151 ഏകദിനത്തിലും 40 ടി20 മത്സരങ്ങളിലും കളിച്ചു.
ഇന്ത്യക്കായി 40 ടെസ്റ്റിലും 63 ഏകദിനത്തിലും ഏഴ് ടി20 മത്സരങ്ങളിലും കളിച്ച മുഹമ്മദ് ഷമി 235 വിക്കറ്റുകളും സ്വന്തമാക്കി. ജസ്പ്രീത് ബൂമ്ര ഇന്ത്യക്കായി 10 ടെസ്റ്റിലും 49 ഏകദിനങ്ങളിലും 42 ടി20 മത്സരങ്ങളിലും കളിച്ചു.
ഇതുവരെ 53 ക്രിക്കറ്റ് താരങ്ങളെയാണ് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരിക്കുന്നത്. 1961ൽ സലീം ദുരാനിയാണ് അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ. 2018ൽ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയാണ് ഏറ്റവും ഒടുവിൽ അർജുന അവാർഡ് നേടിയത്.