ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിയ്ക്ക് കളിക്കാനാവില്ല

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഓസ്ട്രേലിയൻ പേസ് ബോളർ പാറ്റ് കമിന്‍സിന്‍റെ പന്ത് കൊണ്ട് കൈക്കുഴയില്‍ പൊട്ടലുണ്ടായ ഷമിക്ക് ഇതോടെ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റും നഷ്ടമായേക്കും. കൈയിലെ ബാന്‍ഡേജ് മാറ്റിയാല്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദിമിയിലാകും ഷമി പരിശീലനം പുനരാരംഭിക്കുക. ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയ ഷമി ചൊവ്വാഴ്ച ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ ഇന്ത്യ പരമ്പര നേടിയപ്പോള്‍ 16 വിക്കറ്റ് വീഴ്ത്തിയ ഷമി ബൗളിംഗില്‍ തിളങ്ങിയിരുന്നു. ഓസീസിനെതിരെ ഇത്തവണ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ മാത്രമാണ് ഷമി പന്തെറിഞ്ഞത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 36 റണ്‍സിന് പുറത്തായപ്പോള്‍ അവസാന ബാറ്റ്സ്മാനായാണ് ഷമി ക്രീസിലെത്തിയത്. 26ന് മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ്.

Top