ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ

രുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ ഇടംപിടിച്ചു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ സിറാജ് കളിക്കും. കഴിഞ്ഞ ദിവസമാണ് പരുക്കേറ്റ ബുംറ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ നിന്ന് പുറത്തായത്. താരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവുമെന്ന് സൂചനയുണ്ട്.

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യകുമാർ 33 പന്തിൽ 50 റൺസും കെ.എൽ രാഹുൽ 56 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ എത്തി.

ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 106 റൺസെടുത്തത്. ഒരു ഘട്ടത്തിൽ 42 റൺസിന് ആറ് വിക്കറ്റ് നഷ്ടമായ ടീമിനെ കേശവ് മഹാരാജാണ് (41) മൂന്നക്കം കടത്തിയത്. മഹാരാജിന് പുറമെ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്സർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. നാല് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. ഇതിൽ ക്യാപ്റ്റൻ ബാവുമ, റിലേ റൂസ്സോ, മില്ലർ, സ്റ്റബ്സ് എന്നിവരും ഉൾപ്പെടുന്നു.

Top