മുഹമ്മദ് സുബൈർ ജയിൽ മോചിതനായി

ഡൽഹി: ഇരുപത്തി മൂന്ന് ദിവസത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്. ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തതിന് സമാനമായ കേസുകളിൽ ദില്ലി കോടതി ജാമ്യം നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ഇന്നത്തെ ഉത്തരവ്. സുബൈറിനെ ഇത്രയും സമയം കസ്റ്റഡിയിൽ വച്ചതിനെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ആറ് എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുഹമ്മദ് സുബൈർ കോടതിയെ സമീപിച്ചത്. എഫ്ഐആർ റദ്ദാക്കാൻ തയ്യാറാകാത്ത കോടതി പകരം ആറ് കേസുകളിലും സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു. ദില്ലിയിൽ രജിസ്റ്റർ ചെയ്തതിന് സമാനമായ കേസാണ് ഉത്തർപ്രദേശിലും സുബൈറിനെതിരെ എടുത്തത്. ദില്ലിയിലെ കേസിൽ പട്യാല കോടതിയും സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതിയും സുബൈറിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ചാണ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിൻറെ ബെഞ്ച് മറ്റ് ആറ് കേസുകളിൽ കൂടി ജാമ്യം അനുവദിച്ചത്. സുബൈറിനെ ദീർഘകാലം കസ്റ്റഡിയിൽ വച്ചത് ന്യായീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.

Top