മുംബൈ: രാജ്യത്ത് വിവിധ ആശയധാരകൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്. ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ പ്രത്യയശാസ്ത്രത്തിനോ രാജ്യത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും ലോകത്തെ മികച്ച രാജ്യങ്ങളിൽ വിവിധ ആശയധാരകൾക്ക് ഒരുപോലെ ഇടം നൽകിയതായി കാണാമെന്നും മോഹൻ ഭഗവത് പറഞ്ഞു. നാഗ്‍പുരിൽ രാജ്‌രത്ന പുരസ്കാർ സമിതിയുടെ പുരസ്കാര വിതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു വ്യക്തി, ഒരു ആശയം, ഒരു സംഘം, ഒരു പ്രത്യയശാസ്ത്രം എന്നിവയ്ക്ക് രാജ്യത്തെ വളർത്താനോ നശിപ്പിക്കാനോ കഴിയില്ല. ലോകത്തെ മികച്ച രാജ്യങ്ങളിലെല്ലാം പലവിധ ചിന്താധാരകളുമുണ്ട്. അവിടങ്ങളിൽ എല്ലാ തരം സംവിധാനങ്ങളുമുണ്ട്. ബഹുതല സംവിധാനങ്ങളുടെ ബലത്തിൽ അവർ വളരുകയാണ്’- മോഹൻ ഭാഗവത് പറഞ്ഞു. തീവ്ര ഹിന്ദുത്വ ദേശീയത മുന്നോട്ട് വയ്ക്കുന്ന സംഘടനയാണ് ആർഎസ്എസ്. അതിനാൽ മോഹൻ ഭഗവതിന്‍റെ പ്രതികരണം വലിയ ചർച്ചയാവുകയാണ്.