ആകാംക്ഷകൾക്ക് വിരാമം; മരക്കാര്‍ മാർച്ചിൽ തിയറ്ററിലെത്തും

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ ‘മരക്കാര്‍, അറബിക്കടലിന്‌റെ സിംഹം’ തിയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങി അണിയറ പ്രവർത്തകർ. സംസ്ഥാനത്ത് ജനുവരി 5 മുതൽ തിയറ്ററുകൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ആശിര്‍വാദ് സിനിമാസ് മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ഈ വർഷം മാർച്ച് 26ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം ലോക്ഡൗണും മറ്റും വന്നതോടെ നീണ്ടുപോവുകയായിരുന്നു.

മലയാളത്തിലെയും മറ്റു ഭാഷയിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം സാങ്കേതിക തികവോടെ 100 കോടി ബജറ്റിലാണ് പൂർത്തീകരിച്ചത്. ചിത്രത്തിൽ കുഞ്ഞാലി മരക്കാറായാണ് മോഹന്‍ലാല്‍ എത്തുന്നത്. സാമൂതിരിയുടെ കപ്പല്‍ പടയുടെ തലവനായിരുന്നു കുഞ്ഞാലി മരക്കാര്‍. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജ്ജുന്‍ സര്‍ജ്ജ, മുകേഷ്, സിദ്ദിഖ്, സുഹാസിനി, നെടുമുടി വേണു, ഇന്നസെന്റ്, ഗണേഷ് കുമാര്‍ തുടങ്ങിയവരോടൊപ്പം ബോളിവുഡ് താരം സുനില്‍ ഷെട്ടൈയും ചിത്രത്തിലുണ്ട്. കൂടാതെ യുവ താരങ്ങളായ പ്രണവ് മോഹൻ ലാൽ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ആശീര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റര്‍ടെയ്ന്‍മെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവയുടെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ആന്‍രമി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സിജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ദൃശ്യം2 ഒ.ടി.ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെ ഈ പ്രഖ്യാപനം സിനിമ വ്യവസായത്തിന് വലിയ ആശ്വാസമാകുന്നതാണ്. അതേസമയം,സർക്കാർ അനുമതി നൽകിയെങ്കിലും അടുത്ത ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പാതി സീറ്റിൽ കാണികളെ ഇരുത്തി സിനിമ പ്രദർശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാൽ നി‍ർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്നാണ് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചിരിക്കുന്നത്.

തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നി‍ർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റർ തുറക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച അന്നുണ്ടാവും. അതിനുശേഷം നിർമാതാക്കളും വിതരണക്കാരുമായി ചർച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു.

മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിർമാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരുന്നു.

Top