പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിത്തെറിച്ച് കോന്നി യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ്. സ്വീകരണ കേന്ദ്രങ്ങളില്‍ ആളില്ലാതായതിനെ തുടര്‍ന്ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്റും അടൂര്‍ പ്രകാശിന്റെ അടുപ്പക്കാരനുമായ റോബിനോടാണ് മോഹന്‍രാജ് ക്ഷുഭിതനായി സംസാരിച്ചത്.
പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ഭാഗത്ത് വെച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് റോബിന്‍ പീറ്ററോട് ക്ഷുഭിതനായി സംസാരിച്ചത്.അവസാനത്തെ മൂന്ന് സ്വീകരണ കേന്ദ്രങ്ങളിലും തണുത്ത സ്വീകരണമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. ഇതോടെ നിങ്ങള്‍ എന്നെ പണിയുകയാണോ എന്ന് റോബിനോട് മോഹന്‍രാജ് ചോദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് മോഹന്‍ രാജ് ക്ഷുഭിതനായത്.
സ്ഥാനാര്‍ത്ഥി പരസ്യമായി ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് റോബിന്‍ പീറ്റര്‍, ഞാന്‍ ഇനി ഒന്നിനും ഇല്ലെന്ന് അവിടെ കൂടി നിന്ന ആളുകളോട് പറഞ്ഞ ശേഷം മടങ്ങി. റോബിന്‍ പീറ്റര്‍ക്കൊപ്പം ബൂത്തിന്റെ ചുമതലക്കരനായ ജയവര്‍മ്മയോടും മോഹന്‍രാജ് ദേഷ്യപ്പെട്ട് സംസാരിച്ചു. പിന്നീട് മോഹന്‍ രാജിനെതിരെ റോബിന്‍ പരാതിയുമായി മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി നേതാവിനെ ബന്ധപ്പെട്ടു. താന്‍ ഇനി പ്രവര്‍ത്തിക്കുന്നില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ അപകടം മണത്ത കോണ്‍ഗ്രസ് നേത്യത്വം മോഹന്‍രാജിനോട് റോബിനെ വിളിച്ച് ക്ഷമ പറയാന്‍ ആവശ്യപ്പെട്ടു. അപ്പോഴത്തെ വികാരത്തില്‍ പറഞ്ഞതാണെന്ന് മോഹന്‍രാജ് പറഞ്ഞതോടെയാണ് വിഷയം ഒത്തുതീര്‍പ്പായി.
എന്നാല്‍ റോബിന്‍ അനുയായികള്‍ ഇത് വൈകാരികമായിട്ടാണ് എടുത്തിരിക്കുന്നത്.പൊട്ടിത്തെറിച്ച് മോഹന്‍രാജ്, പൊട്ടിക്കരഞ്ഞ് റോബിന്‍ പീറ്റര്‍ എന്ന പേരില്‍ ചില സന്ദേശങ്ങള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന് ചുമതലക്കരനായ നേതാവ് റിപ്പോര്‍ട്ട് നല്‍കിയതോടെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ മറ്റ് മണ്ഡങ്ങളില്‍ മുന്‍ നിശ്ചയിച്ച പരിപാടി റദ്ദാക്കി ഇന്ന് കോന്നിയില്‍ എത്തിയിരുന്നു.