കുഞ്ഞാലി മരയ്ക്കാര്‍ മോഹന്‍ ലാല്‍ തന്നെ. ചരിത്ര പുരുഷന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന സംശയത്തിനൊടുവില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മരക്കാര്‍ അറബി കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ് മേക്കര്‍ പ്രിയദര്‍ശനാണ്. കുഞ്ഞാലി മരയ്ക്കാരുടെ ഡയലോഗ് ഉള്‍പ്പെടുത്തിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
വന്‍ ബജറ്റിലൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി.കുരുവിള, സി.ജെ.റോയ് എന്നിവര്‍ ചേര്‍ന്നാണ്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം തന്റെ സ്വപ്നമായിരുന്നെന്ന് ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മുന്‍ ചിത്രമായ കാലാപാനിയിലെന്ന പോലെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപെടുത്തുന്നതെന്നും അതില്‍ നാലാമന്റെ കഥയാണ് തന്റെ സിനിമയുടെ പശ്ചാത്തലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയദര്‍ശന്റെ തൊണ്ണൂറ്റി അഞ്ചാമത്തെ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍.
നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 1498 ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി നടന്ന ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലിമരക്കാരും പിന്‍ഗാമികളും. ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് മരയ്ക്കാന്മാരായിരുന്നു.
മെഗാതാരം മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവന്‍ നേരത്തെ മറ്റൊരു കുഞ്ഞാലിമരയ്ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.