പാലക്കാട്: പിണറായി സര്‍ക്കാര്‍ എന്തു നിയമം കൊണ്ടു വന്നാലും റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭാഗവത് തന്നെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ്. പേടിച്ച് പിന്‍മാറാന്‍ കോണ്‍ഗ്രസല്ല, ആര്‍.എസ്.എസ് എന്ന് നേതൃത്വം വ്യക്തമാക്കി.
എല്ലാ വര്‍ഷവും ആര്‍.എസ്.എസ് മേധാവി പിന്തുടരുന്ന നിലപാട് ഇടത് സര്‍ക്കാറിനെ പേടിച്ച് മാറ്റി വയ്ക്കാന്‍ കഴിയില്ലെന്നും, രാജ്യത്തെ ഏറ്റവും അധികം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംവിധാനത്തിന്റെ മേധാവിയാണ് മോഹന്‍ ഭാഗവത് എന്നും ആര്‍.എസ്.എസ് പറയുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും പാലക്കാട്ട് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുന്നത് തടയാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായത് ചെറുത്ത് തോല്‍പ്പിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ച് പക വീട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇമ്മാതിരി ഏര്‍പ്പാട് ഒന്നും ഇനി നടക്കില്ലന്നും ആര്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കി.
കേരളം ഇന്ത്യയിലാണെന്നും ഇന്ത്യ ഭരിക്കുന്നത് മോഹന്‍ ഭാഗവത് ഉള്‍പ്പെട്ട സംഘപരിവാറുകാരാണെന്നും മറന്ന് തീ കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് ബി.ജെ.പി നേതൃത്വവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളുകളില്‍ സ്ഥാപന മേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് സംഘപരിവാര്‍ നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
അണ്‍ എയ്ഡഡ് സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് എന്നതിനാല്‍ സംസ്ഥാന ഭരണകൂടത്തിന് ഇടപെടാന്‍ അവകാശമില്ലന്നും ഇടപട്ടാല്‍ വിവരമറിയുമെന്നുമാണ് കാവി പടയുടെ മുന്നറിയിപ്പ്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് പാലക്കാട്ട് എത്തുന്നത്. ക്യാമ്പ് നടക്കുന്ന സ്‌കുളില്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തും.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആര്‍.എസ്.എസ് മേധാവി, അവിടെ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുന്നത് പതിവാണെന്നും ഇത്തവണയും ആ രീതിക്ക് മാറ്റമുണ്ടാകില്ലെന്നും ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ ദേശീയ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് കടുത്ത രോഷത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് മാനിക്കാതെയാണ് ഭാഗവത് കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത്. സംഘപരിവാര്‍ ബന്ധമുള്ള മാനേജ്‌മെന്റിന്റേതാണ് ഈ സ്‌കൂള്‍. ഇപ്പോള്‍ വീണ്ടും റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതും പരിവാര്‍ ബന്ധമുള്ള ഭാരതീയ വിദ്യാനികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കുളിലാണ്.