ലൂസിഫറില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി മോഹന്‍ലാല്‍; സഹായിയായി കലാഭവന്‍ ഷാജോണും

സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്തിവന്നിരിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ദീപക് ദേവാണ് സംഗീതം.

മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോ തോമസാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ട്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്.

16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും വിവേക് ഒബ്‌റോയിയും ഒന്നിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ കമ്പനി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Top